തിരുവനന്തപുരം: പുഴയോരങ്ങളിലെ നിർമ്മാണങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്താൻ സംസ്ഥാന തീരദേശ പരിപാലന അതോറിട്ടി തീരുമാനിച്ചു. മരട് കേസിലെ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഉപ്പുവെള്ളം കയറുന്ന പുഴകൾ മാത്രമാണ് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതെങ്കിലും നീർത്തട സംരക്ഷണ അതോറിട്ടിയുടെ സഹകരണത്തോടെ മറ്റു പുഴകളുടെയും കണക്കെടുക്കും.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിയമലംഘനങ്ങൾ ജില്ല തിരിച്ചു തയ്യാറാക്കിയിട്ടുണ്ട്. അനുമതി ലഭിക്കാത്തവ, കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ നിർമ്മിച്ചതിലെ ലംഘനം, നിയമം പൂർണമായി ലംഘിച്ചവ എന്ന രീതിയിലുള്ള പട്ടികയിൽ പല വൻകിട നിർമ്മാണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ചില കെട്ടിടങ്ങൾക്കു പിന്നീട് ഉപാധികളോടെ അംഗീകാരം ലഭിച്ചതിനാൽ പട്ടിക പുതുക്കി ഇറക്കുമെന്നാണ് അറിയുന്നത്.
അതോറിട്ടിയുടെ അനുമതി ലഭിക്കുംമുമ്പു നിർമ്മാണം നടത്തിയ വീടുകൾക്കു മാനദണ്ഡമനുസരിച്ച് ഇളവു നൽകാൻ വ്യവസ്ഥയുണ്ട്. നീർത്തട സംരക്ഷണം ശക്തമാക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗം കൂടിയാണു നടപടി. അഞ്ചു വർഷത്തിനിടയിലാണു പുഴയോരങ്ങളിൽ അനധികൃത നിർമ്മാണം വർദ്ധിച്ചതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.