തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നടത്തിയ സെക്രട്ടറിയേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി. രാഷ്ട്രീയ സംഘടനകളുടെ പിൻബലമില്ലാതെ സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരം. സംഘടന സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീക്ക് ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള സർവീസ് സംഘടനകളുടെ നേതൃത്വം വഹിക്കുന്നവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരാണെന്നും ഇവർ പങ്കാളിത്ത പെൻഷൻകാരുടെ വിഷയങ്ങൾ വഴിതിരിച്ച് വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് പറഞ്ഞു അധികാരത്തിലെത്തിയ പിണറായി സർക്കാർ കമ്മിഷനെ നിയമിച്ചതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സംസ്ഥാനതല ധർണയ്ക്ക് പിന്നാലെ ജില്ലാതലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് എല്ലാ എം.എൽ.എമാർക്കും നിവേദനം നൽകും. ഇക്കഴിഞ്ഞ ഏപ്രിലിൽ സർവീസിൽ നിന്നും വിരമിച്ച 30 പങ്കാളിത്ത പെൻഷൻ ജീവനക്കാരിൽ 21 പേർക്കും പെൻഷൻ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഷജീഷ് ഐ.കെ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.