വിളർച്ചയിലാണ്ടുപോയ സമ്പദ് ഘടനയുടെ ഉണർവിന് വേണ്ടി, കന്നി ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ തിരുത്താനും പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാനും തയാറായ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നടപടി, പട്ടണപ്രദേശങ്ങളിലെ സ്വകാര്യ നിക്ഷേപങ്ങൾക്കും ഉപഭോഗത്തിനും ശക്തി നൽകുന്നതാണ്. ഇതിനോടൊപ്പം ഭൂരിപക്ഷം വരുന്ന ഗ്രാമീണ മേഖലയ്ക്കും സാധാരണക്കാർക്കും കരുത്തു പകരാനുള്ള പ്രവർത്തനങ്ങളുണ്ടായാലേ സമ്പദ് വ്യവസ്ഥയുടെ മന്ദഗതി ഭേദിക്കാനാവൂ.
സമൂഹത്തിലെ 20 ശതമാനം വരുന്ന ഉയർന്ന വരുമാനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട സാധനങ്ങൾ ഉത്പാദിപ്പിച്ചു കൊണ്ടുള്ള സാമ്പത്തിക വളർച്ചാരീതിയാണ്, കഴിഞ്ഞ കാൽനൂറ്റാണ്ടായി രാജ്യം മുഖ്യമായും പ്രാവർത്തികമാക്കിയത്. വാഹനങ്ങൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ, വാക്വം ക്ളീനർ, പ്രോസസ് ചെയ്ത ഭക്ഷ്യവസ്തുക്കൾ, സോഫ്റ്റ് ഡ്രിങ്ക്സ്, സൗന്ദര്യദായക ഉത്പന്നങ്ങൾ, ധനപരമായ സേവനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിലൂന്നിയുള്ള ഉത്പാദന ക്രമമായിരുന്നു പിന്തുടർന്നത്. പക്ഷേ, ഇത്തരം വസ്തുക്കളുടെ ഡിമാന്റിന്, പൊതുവിൽ പരിമിതിയുണ്ട്. ഇവയുടെ ആവശ്യകത ഉയർന്നുപൊങ്ങി, ഒരു കൊടുമുടിയിലെത്തിയശേഷം പിന്നീടങ്ങോട്ട് വലിയൊരു വളർച്ചയില്ലാത്ത അവസ്ഥയിലെത്തും. ഓട്ടോമൊബൈൽ രംഗത്തെ ഇപ്പോഴത്തെ മുരടിപ്പിന്റെ കാര്യമെടുക്കാം. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഉയർന്നു പൊങ്ങിയപ്പോൾ 250 ദശലക്ഷമെന്ന നിലയിലെത്തി നിൽക്കുകയാണ്. രാജ്യത്തെ മൊത്തമുള്ള കുടുംബങ്ങളുടെ എണ്ണത്തിന് ഏതാണ്ട് സമാനമാണ് വാഹനങ്ങളുടെ സംഖ്യ. മറ്റൊരു രാജ്യത്തും ഇതിന് സമാനമായൊരു അവസ്ഥ ഉണ്ടാകാനിടയില്ല. ഇതിന്റെ അർത്ഥം, ഇനിയുമൊരു വമ്പൻ അങ്കത്തിന് വാഹന മേഖലയ്ക്ക് കെൽപ്പില്ലെന്നാണ്.
ധനശേഷിയുള്ള 20 ശതമാനം ഉപഭോക്താക്കൾക്ക് താഴെയുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉത്പാദനക്രമത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. വസ്ത്രനിർമ്മാണ മേഖലയുടെ കാര്യം തന്നെയെടുക്കാം. സമ്പന്നർക്ക് ആവശ്യമായ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ ഇന്ത്യ ഏറെ മുന്നിലാണെങ്കിലും സാധാരണക്കാർക്കു വേണ്ടിയുള്ള വലിയ വിലയില്ലാത്ത തുണിത്തരങ്ങൾ നിർമ്മിക്കുന്നതിൽ നാം ഏറെ പിന്നിലാണ്. ഇക്കൂട്ടർക്കു വേണ്ടിയുള്ള വസ്ത്രങ്ങളുടെ ഏറിയ പങ്കും ബംഗ്ളാദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഈ രാജ്യങ്ങളുമായി കിടപിടിക്കാൻ പാകത്തിൽ നമ്മുടെ വസ്ത്രനിർമ്മാണ വ്യവസായത്തിന്റെ മത്സരക്ഷമത ഉയർത്താവുന്നതേയുള്ളൂ. ഇതിന് നിയമങ്ങളും നികുതികളും ലഘൂകരിക്കേണ്ടതുണ്ട്. ഏറെ തൊഴിലാളികൾ ആവശ്യമുള്ള മേഖലയായതിനാൽ കൂടുതൽ പേർക്ക് തൊഴിലും, വരുമാനവും ഉറപ്പുവരുത്തും.
നല്ല തോതിൽ തൊഴിൽ നൽകാൻ കെല്പുള്ള മറ്റ് പല രംഗങ്ങളും പിന്നിലായിരിക്കുകയാണ്. പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ, വാച്ചുകൾ, കളിപ്പാട്ടങ്ങൾ, ഓഫീസ് സ്റ്റേഷനറി തുടങ്ങിയവയാണവ. ഈ തുറകളെ ത്രസിപ്പിക്കാൻ കഴിഞ്ഞാൽ അനേകായിരങ്ങൾക്ക് തൊഴിലും അതുവഴി ഉപഭോഗ വളർച്ചയും സാമ്പത്തിക മുന്നേറ്റവുമുണ്ടാകും.
മുകളിൽ പറഞ്ഞതിനോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് അസംഘടിത മേഖലയെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഉത്പാദന രംഗം. പണിയെടുക്കുന്നവരുടെ എണ്ണം 20ൽ താഴെ വരുന്ന സ്ഥാപനങ്ങളാണ് ഈ മേഖലയിലേത്. രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയായ 463 ദശലക്ഷം പേരിൽ 94 ശതമാനവും ജോലിയെടുക്കുന്നത് ഇവിടെയാണ്. രാജ്യത്ത് ആകെയുള്ള വ്യാപാര/ഉത്പാദന സ്ഥാപനങ്ങളിൽ 87 ശതമാനവും പ്രവർത്തിക്കുന്നത് അസംഘടിത രംഗത്താണ്. പക്ഷേ, സർക്കാരിന്റെ കടുത്ത നിയമങ്ങളെയും ഉദ്യോഗസ്ഥരേയും ഭയന്നിട്ട്, വളരാൻ കെല്പുള്ള സ്ഥാപനങ്ങൾ പോലും അതിന് തുനിയാറില്ല, അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും നിയമത്തിന്റെ പരിരക്ഷ നൽകുന്ന ഉത്തരവ് അടുത്തിടെ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അസംഘടിത മേഖലയുടെ നിർവചനത്തിൽ മാറ്റം വരുത്താവുന്നതാണ്. ഗ്രാമങ്ങളിൽ പാർക്കുന്ന സാധാരണക്കാരുടെ വരുമാനവും അതിലൂടെ ഉപഭോഗചെലവും ഉയർത്തിക്കൊണ്ട് സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരാൻ കെല്പുള്ള കർമ്മരംഗമാണ് തൊഴിലുറപ്പ് പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് രണ്ടുകാര്യങ്ങൾ നടപ്പാക്കാവുന്നതാണ്. തൊഴിലുറപ്പിൽ പണിയെടുക്കുന്നവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിഫലം അവരുടെ യഥാർത്ഥ ജീവിത ചെലവിന് അനുസരണമായി ഉയർന്നിട്ടില്ലെന്ന് കേന്ദ്രസർക്കാരിനു തന്നെ ബോദ്ധ്യമായിട്ടുണ്ട്. അതിനാൽ ഇനി ഭരണപരമായ നൂലാമാലകളിൽപ്പെട്ട് കൂലി വർദ്ധനവിന്റെ ഉത്തരവ് പുറപ്പെടുവിക്കാൻ കാലവിളംബം അരുത്. പദ്ധതി നടപ്പിലാക്കുന്നതിൽ ചില സംസ്ഥാനങ്ങൾ കാണിക്കുന്ന ഉത്സാഹക്കുറവാണ് മറ്റൊന്ന്. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാരിൽ നിന്ന് യഥാസമയം പണം ലഭിക്കുന്നില്ല. ഇക്കാര്യത്തിലും അധികാരികൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മന്ദഗതി മറികടക്കാൻ ഒരു കേരളമാതൃക ഇന്ത്യയിലാകെ അനുകരിക്കുന്നതിന്റെ സാദ്ധ്യതകളും ആലോചിക്കാവുന്നതാണ്. കഴിഞ്ഞ രണ്ട് ദശകങ്ങൾക്കുള്ളിൽ കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക രംഗങ്ങളിൽ വലിയ ചലനം സൃഷ്ടിച്ച പ്രസ്ഥാനമാണ് നമ്മുടെ 'കുടുംബശ്രീ'. മറ്റ് സംസ്ഥാനങ്ങളിൽ ഇതിന് സമാനമെന്ന് അവകാശപ്പെടാവുന്ന പദ്ധതികളുണ്ടെങ്കിലും അവയിൽ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങളുള്ളതാണ് കേരളത്തിന്റേത്. ഉദാഹരണമായി അയൽക്കൂട്ടമെന്ന കുടുംബശ്രീയുടെ അടിത്തറ കേരളത്തിന്റെ തനതായ സംവിധാനമാണ്. സ്ത്രീശാക്തീകരണത്തിനും അതുവഴി സാമ്പത്തിക ഉത്കർഷത്തിനുമുള്ള ഈ ഉത്തമമാതൃക രാജ്യത്തിനാകെ അനുകരിക്കാമെങ്കിൽ ഭാരതാംബയുടെ സാമ്പത്തിക മുന്നേറ്റത്തിന് അത് താങ്ങാവും. ചുരുക്കത്തിൽ, സാധാരണക്കാരെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള വളർച്ചാരീതി രാജ്യത്തിന്റെ സാമ്പത്തിക ഓജസ് വീണ്ടെടുക്കുമെന്ന് മാത്രമല്ല, വളർച്ചയുടെ ഗുണഫലം കൂടുതൽ നീതിപൂർവകമായി വിതരണം ചെയ്യാനും ഇടയാക്കും.