
ആറ്റിങ്ങൽ: കോരാണി ജംഗ്‌ഷനിൽ എത്തുന്ന ബസ് യാത്രക്കാർക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ, കെ.എസ്.ആർ.ടി സി ബസുകളുടെ കുറവ് യാത്രാക്ലേശം രൂക്ഷമാക്കുന്നു. രാവിലെ 8 മുതൽ 10 മണി വരെ ഇവിടെ എത്തുന്ന നൂറുകണക്കിന് യാത്രക്കാരാണ് യാത്രാദുരിതം അനുഭവിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുന്ന രോഗികളാണ് ബസ് കിട്ടാതെ വലയുന്നവരിൽ ഏറെയും.
യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഷെഡ്യൂളുകൾ പോലും ഇപ്പോൾ കെ.എസ്.ആർ.ടി.സി വെട്ടികുറച്ചതാണ് യാത്രാസൗകര്യം ഇല്ലാതാക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പാരതിപ്പെടുന്നു. ആറ്റിങ്ങൽ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒട്ടുമിക്കവയും ഈ ബസ് സ്റ്റോപ്പിൽ നിറുത്താറില്ല. കോരാണിക്ക് സമീപമുള്ള തോന്നയ്ക്കൽ എ.ജെ കോളേജിൽ പോകേണ്ട വിദ്യാർത്ഥികൾ കയറി വരുന്ന ലോക്കൽ ബസുകൾ വിദ്യാർത്ഥികളുടെ തിരക്ക് കണക്കിലെടുത്ത് ഈ സ്റ്റോപ്പിൽ നിറുത്താതെ പോകുകയാണ് പതിവ്. ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഏറെയും നിറുത്താറില്ല. സമയത്ത് സ്കൂളിലും ഓഫീസുകളിലും ആശുപത്രിയിലും മറ്റും പോകാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.