ബാലരാമപുരം: രാജഭരണകാലത്ത് ബാലരാമപുരം ജംഗ്ഷനിൽ നിർമ്മിച്ച മുത്തശ്ശിക്കിണർ തകർച്ചയുടെ വക്കിൽ. ജംഗ്ഷനിലെ കച്ചവട സ്ഥാപനങ്ങൾക്ക് ഏക ആശ്രയമായിരുന്ന മുത്തശ്ശിക്കിണർ ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഓടയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും മലിനജലം കിണറിലേക്ക് ഊർന്നിറങ്ങുകയാണ്. 30 അടിയോളം താഴ്ചയുള്ള കിണറിൽ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കെട്ടി മാംസാവശിഷ്ടങ്ങൾ തള്ളുന്നത് പതിവാണ്. ദുർഗന്ധം കാരണം മൂക്കുപൊത്തിയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്. മുത്തശ്ശിക്കിണർ നാശത്തിന്റെ വക്കിലായിട്ടും സന്നദ്ധസംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതിനെതിരെ രംഗത്തെത്തിയിട്ടില്ല. ദേശീയപാതവികസനത്തിന്റെ ഭാഗമായി കിണർ മൂടേണ്ടിവരുമെന്ന അഭ്യൂഹം വന്നതോടെ പഞ്ചായത്ത് അധികൃതരും കിണർ സംരക്ഷിക്കാതെയായി. റോഡ് വികസനത്തിന്റെ ഭാഗമായി കിണർ നികത്തേണ്ടിവരുമെന്നാണ് മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. പഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ കീഴിലെ ഹെൽത്ത് ഇൻസ്‌പെക്ടറോ മെഡിക്കൽ ഓഫീസറോ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാംസാവശിഷ്ടം തള്ളുന്നതിനാൽ പകർച്ചവ്യാധി ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ബാലരാമപുരം ജംഗ്ഷനിലെ പൊതുകിണർ നശിക്കാൻ തുടങ്ങിയിട്ട് കുറേ നാളുകളായി. കിണർ സംരക്ഷിക്കാൻ സാഹചര്യം ഉണ്ടായിരുന്നിട്ടും പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയില്ല. മാലിന്യനിക്ഷേപം കാരണം ദുർഗന്ധം വമിക്കുന്ന പൊതുകിണർ എത്രയും വേഗം മൂടണമെന്ന് പൗരസമിതി പ്രസിഡന്റ് വിനീഷ്, സെക്രട്ടറി ബാലരാമപുരം ജോയി, ജയചന്ദ്രൻ, അൻസാർ, ശിവരുദ്രൻ, അഴകി മഹേഷ്, രാജേഷ്, മനുമോഹൻ എന്നിവർ ആവശ്യപ്പെട്ടു.