സത്യമല്ലാതെ വേറൊരു ഈശ്വരനില്ലെന്നു വിശ്വസിക്കുകയും സത്യത്തിനായി ജീവൻപോലും നൽകാൻ തയ്യാറാവുകയും ചെയ്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജയന്തിയാണിന്ന്. ഇന്ത്യയിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും ഗാന്ധിജി ഏറെ അകന്നാണ് ഇന്നു നിൽക്കുന്നതെങ്കിലും കെടാവിളക്കായി അനേകരുടെ ഹൃദയത്തിൽ ഇന്നും അദ്ദേഹമുണ്ട്. എന്നും ഉണ്ടായിരിക്കുകയും ചെയ്യും. സംഘർഷഭരിതമായ ലോകത്ത് വഴികാട്ടിയായി ഇനിയും നൂറ്റാണ്ടുകളോളം ഗാന്ധിസ്മരണ നിലനിൽക്കുക തന്നെ ചെയ്യും. എല്ലാവർഷവും ഒക്ടോബർ രണ്ട് രാജ്യമൊട്ടാകെ ഗാന്ധിജയന്തി ആചരിച്ചുവരുന്നു. ഇത്തവണ നൂറ്റി അൻപതാം ജയന്തിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ലോക സംഘടനയായ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ തീരുമാനമാണിത്. ലോകത്ത് സംഘർഷത്തിനു ഒട്ടും കുറവില്ലെങ്കിലും,അഹിംസ എന്ന ശക്തമായ ആയുധത്തിന്റെ പ്രസക്തി ആഗോള തലത്തിൽ പ്രചരിപ്പിക്കാൻ ഐക്യരാഷ്ട്രസഭ കണ്ടെത്തിയത് ഈ സുദിനമാണ്. പരസ്പര വിശ്വാസത്തിൽ വന്ന തകർച്ചയും ക്ഷമയില്ലായ്മയും അഹങ്കാരവുമൊക്കെയാണ് ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം ഇത്രയേറെ ഉലയാനുള്ള പ്രധാനകാരണം. ഗാന്ധിജി മുന്നോട്ടു വച്ച മൂല്യങ്ങളും ആദർശങ്ങളും പാലിക്കാനായാൽ ലോക സമാധാനത്തിന് വലിയ മുതൽക്കൂട്ടാകും അത്.
ഗാന്ധിയൻ ദർശനങ്ങൾ അമൂല്യങ്ങളാണ്. ജീവിതാവസാനം വരെ അദ്ദേഹം മുറുകെ പിടിച്ച സത്യം, അഹിംസ എന്നീ വിശേഷ ഗുണങ്ങൾ സ്വജീവിതത്തിന്റെ ഭാഗമാക്കാൻ അധികം പേരെ കിട്ടുക പ്രയാസമാണ്. അതുകൊണ്ട് ഗാന്ധിയൻ ദർശനങ്ങൾ അപ്രസക്തമെന്നോ കാലഹരണപ്പെട്ടതെന്നോ അർത്ഥമില്ല. സത്യത്തിന്റെയും അഹിംസയുടെ വില മറ്റെന്നത്തെക്കാളും ലോകം ഇന്നു മനസിലാക്കുന്നുണ്ട്. ലോക രാജ്യങ്ങൾ ഗാന്ധിജിയെ മാതൃകാ പുരുഷനായി ആദരിക്കുകയും അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താനുള്ള ഉപാധികൾ സ്വീകരിക്കുകയും ചെയ്യുന്നു.
അടിമത്തത്തിനെതിരായി ഗാന്ധിജി നടത്തിയ പോരാട്ടം എത്രയോ രാജ്യങ്ങൾക്ക് അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള പ്രചോദനമായി. വിനയത്തിന്റെ പരമകാഷ്ഠയായിട്ടാണ് ഗാന്ധിജി അഹിംസയെ കണ്ടിരുന്നത്. മനുഷ്യരിൽ ഏറ്റവും എളിയവനായിട്ടാണ് അദ്ദേഹം സ്വയം കണ്ടിരുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം ഉൾപ്പെടെ പ്രയാസകരമായതു പലതും അഹിംസയിലൂടെ മാത്രം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഗാന്ധിയൻ ദർശനങ്ങളിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും അകന്നു പോയതിൽ പശ്ചാത്താപം തോന്നിയിട്ടു കാര്യമില്ല. ലോകഗതി തന്നെ അത്തരത്തിലാണ്.
അതിദ്രുതമായ വികസനവും പുരോഗതിയുമാണ് ജനങ്ങൾ എവിടെയും ആവശ്യപ്പെടുന്നത്. അതിനനുസരണമായ പുതിയ വികസന കാഴ്ചപ്പാടും സ്വീകരിക്കാൻ ഭരണകൂടങ്ങൾ ബാദ്ധ്യസ്ഥരുമാണ്. ജനങ്ങളിലൂന്നിയുള്ള പുരോഗതിയാകണം വികസനം എന്നതായിരുന്നു ഗാന്ധിജിയുടെ സങ്കല്പം. ഏതു മാറ്റത്തിനു പിന്നിലും ജനക്ഷേമത്തിനു അത് ഉതകുമോ എന്ന് പലരും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം അധികാരമേറ്റ ഓരോ സർക്കാരും ജനങ്ങളുടെ പേരിൽത്തന്നെയാണ് ഏതു പരിഷ്കാര നടപടിയും കൊണ്ടുവന്നിരുന്നത്. അവ ജനങ്ങൾക്ക് ഉപകാരപ്പെട്ടോ എന്നത് പരിഗണിക്കപ്പെടുന്നില്ലെന്നിടത്താണ് അവയുടെ പരാജയവും കുടികൊള്ളുന്നത്.
ഗ്രാമങ്ങളുടെ പുരോഗതി ഗാന്ധിജിയുടെ പ്രിയങ്കരമായ സങ്കല്പമായിരുന്നു. അയിത്തം ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ നിരന്തരം അദ്ദേഹം ശബ്ദമുയർത്തി. നൂറ്റി അൻപതാം ഗാന്ധി ജയന്തി ആചരിക്കുന്ന ഈ വേളയിലും രാജ്യം ഈ സാമൂഹ്യ തിന്മയിൽ നിന്ന് പൂർണ്ണമായി മോചനം നേടിയെന്നു പറയാനാവില്ല. വർഗീയ ചേരിതിരിവുകളും അസഹിഷ്ണുതയുമൊക്കെ രാഷ്ട്ര ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന അർബുദമായി വളരുന്നുമുണ്ട്. രാജ്യം നേരിടുന്ന ഏതു പ്രശ്നത്തിനും ഗാന്ധിയൻ പരിഹാരമുണ്ടെന്നത് ശ്രദ്ധേയമാണ്. നിർഭാഗ്യവശാൽ അനുസ്മരണ ദിനങ്ങളിലേ രാഷ്ട്രപിതാവ് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും മനസുകളിലേക്ക് കടന്നു വരാറുള്ളൂ.
അസംതൃപ്തരായ ജനതയെ സൃഷ്ടിക്കുന്നതിലാണ് ഭരണകൂടങ്ങൾ കൂടുതൽ മിടുക്കു കാണിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലും ഒരു കാരണവുമില്ലാതെ അക്രമങ്ങൾ അഴിച്ചുവിട്ട് സമൂഹത്തിൽ ദുരിതങ്ങൾ സൃഷ്ടിക്കുന്നതിലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പരം മത്സരിക്കുകയാണ്. രാഷ്ട്ര ജീവിതത്തിൽ ഗാന്ധിജിയുടെ ആദർശങ്ങൾക്കോ അദ്ദേഹത്തിന്റെ നിർമ്മാണ പരിപാടികൾക്കോ യാതൊരു സ്ഥാനവും നൽകാതെ ഗാന്ധിജയന്തി ആഘോഷിക്കുന്നത് നിരർത്ഥകമാണെന്ന് അൻപതു വർഷം മുമ്പ് ഗാന്ധിജന്മശതാബ്ദി വേളയിൽ പ്രമുഖ ഗാന്ധിയനായ കെ. കേളപ്പൻ എഴുതിയിരുന്നു. ഈ അഭിപ്രായം ഇപ്പോഴും പ്രസക്തം തന്നെയാണ്. അഴിമതി കൊടുംപാപമായിട്ടാണ് ഗാന്ധിജി കണ്ടിരുന്നത്. രാജ്യത്തെ ഇന്നത്തെ സ്ഥിതി കാണാൻ അദ്ദേഹത്തിന് ദുര്യോഗമുണ്ടായിരുന്നെങ്കിൽ ഒറ്റനിമിഷം പിന്നെ ജീവിക്കാൻ അദ്ദേഹം ആഗ്രഹിക്കുമായിരുന്നില്ല. ഗാന്ധി ശിഷ്യന്മാരിൽ പലരും കൊടിയ അഴിമതി നടത്തി സമ്പന്നരായി സമൂഹത്തിൽ വിലസുന്നു. പിടിക്കപ്പെട്ടവരിൽ ചിലർ ജയിൽവാസം നടത്തുന്നു. പലരും അങ്ങോട്ടേക്ക് പോകാൻ കെട്ടുമുറുക്കുന്നു. അഴിമതിയുടെയും കൈക്കൂലിയുടെയും കാര്യത്തിൽ ലോകത്തെ തന്നെ മുൻനിരക്കാർക്കൊപ്പമാണ് ഇന്ത്യയുടെയും സ്ഥാനം. അനുസ്മരണ ദിനങ്ങളിൽ ഗാന്ധി പ്രതിമയിൽ മാലയിടുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യുന്നവരാണ് മഹാത്മാവിനെ തങ്ങളുടെ പ്രവൃത്തികളിലൂടെ ഏറ്റവും കൂടുതൽ നിന്ദിക്കുന്നതെന്നത് മറച്ചുവച്ചിട്ടു കാര്യമില്ല.