road

കിളിമാനൂർ: കരാർ എടുക്കാൻ ആളില്ല, മങ്കാട് റോഡിന് ശനിദശ മാറാൻ ഇനിയും കാത്തിരിക്കണം. പഞ്ചായത്ത് ബസ് സ്റ്റാൻഡ് മങ്കാട്-മുസ്ലിം പള്ളി - ആയിരവില്ലി റോഡാണ് കുണ്ടും കുഴിയും വീണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. കുറെ ഭാഗം കോൺക്രീറ്റും ശേഷിച്ചവ ടാറുമാണ് ചെയ്തിരുന്നത്.

ഇരു ഭാഗവും കുണ്ടും കുഴിയും വീണ് കാൽ നടയാത്ര പോലും ദുസഹമാക്കിയിരിക്കുകയാണ്. വ്യാപാര ഭവന് സമീപം ടാറും കോൺക്രീറ്റും സന്ധിക്കുന്ന ഭാഗത്ത് ഒരടിയിൽ ഏറെ താഴ്ചയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴവെള്ളം കെട്ടികിടക്കുന്ന ഈ ഭാഗത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേർ കാൽ വഴുതി വീണ് പരിക്കേറ്റിട്ടുണ്ട്. നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ഇരു ചക്രവാഹനങ്ങളും, ഓട്ടോകളും ഈ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നു. കിളിമാനൂർ ടൗണിലും മഹാദേവേശ്വരം ജംഗ്ഷനിലും ഒക്കെ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ചെറു വാഹനങ്ങൾ കടന്നു പോകുന്ന പാരലൽ റോഡാണിത്. നൂറു കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ തിരക്കേറിയ കിളിമാനൂർ ടൗണിനെ ഒഴിവാക്കി ഞാവേലി കോണം, ശില്പാ ജംഗ്ഷൻ എന്നിവിടങ്ങളിൽ എത്തുന്നത് ഇതു വഴിയാണ്. റോഡിന്റെ ശോചനീയവസ്ഥ ചൂണ്ടി കാട്ടി കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് റോഡ് നവീകരിക്കുന്നതിന് പഴയ കുന്നുമ്മൽ പഞ്ചായത്ത് ഒരു വർഷം മുൻപ് 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി രണ്ട് തവണ ടെൻഡർ വിളിച്ചങ്കിലും ആരും കരാർ എടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ റോഡ് പണിക്ക് ക്വട്ടേഷൻ സ്വീകരിക്കാൻ ഉള്ള നടപടിയിലാണ് പഞ്ചായത്തധികൃതർ.