വിതുര: വിതുര- പാലോട് റോഡിൽ കൊപ്പം ജംഗ്ഷനിലും ചായം ജംഗ്ഷനിലും ബസ് കാത്തുനിൽക്കുന്നവർ മഴയും വെയിലും സഹിക്കണം. ഇവിടെ ആവശ്യത്തിന് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതാണ് പ്രധാന വിഷയം. ഈ രണ്ട് ജംഗ്ഷനിലുമുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചതുമൂലം യാത്രക്കാർ ദുരിതത്തിലായിട്ട് രണ്ട് വർഷമാകുന്നു. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകി. എന്നിട്ടും ഫലം കണ്ടില്ല. കാത്തിരപ്പ് കേന്ദ്രമെന്ന യാത്രക്കാരുടെ ന്യായമായ ആവശ്യത്തിന് നേരേ അധികൃതർ മുഖം തിരിക്കുകയാണെന്നാണ് ആക്ഷേപം. നിലവിൽ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് നിർമ്മാണം അനന്തമായി നീളുകയാണ്. ഇവിടെ തൊളിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് ഒന്നര വർഷം മുൻപ് പൊളിച്ചുമാറ്റി. പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. കാത്തിരിപ്പുകേന്ദ്രത്തിനായി ചായം നിവാസികൾ അനവധി തവണ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. രണ്ട് സ്കൂളും, പ്രസിദ്ധമായ ചായം ശ്രീഭദ്രകാളിക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
വിതുര പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ കൊപ്പത്തും വെയിറ്റിംഗ് ഷെഡില്ല. നിലവുലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം വിതുര-ചായം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിട്ട് ഒന്നര വർഷം കഴിഞ്ഞു. വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ, വിതുര ഗവ. യു.പി.എസ് എന്നിവിടങ്ങളിലായ നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൊപ്പം ജംഗ്ഷനിലാണ് കൂടുതൽ കുട്ടികളും ബസ് കാത്തു നിൽക്കുന്നത്. സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡിൽ വരെ കുട്ടികൾ നിരയായിട്ടാണ് നിൽക്കുന്നത്. ബസുകാത്തുനിന്ന വിദ്യാർത്ഥികളെ വാഹനം ഇടിക്കുന്നതും പതിവാണ്.