കിളിമാനൂർ: കിഡ്നിയിൽ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മടവൂർ ഗ്രാമപഞ്ചായത്തിലെ തുമ്പോട് മിച്ചഭൂമിയിൽ എ.ജി.ആർ ഭവനിൽ സുഭാഷിന്റെയും ശകുന്തളയുടെയും മകനും മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുമായ അമൽ സുഭാഷിന് ചികിത്സാ സഹായമായി സ്കൂളിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ നൽകി.
ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അമലിന്റെ ഒരു കിഡ്നി നീക്കം ചെയ്തിരുന്നു. ഇപ്പോൾ രണ്ടാമത്തെ കിഡ്നിയിലും രോഗം ബാധിച്ചു. ഇത് മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം ഇതിനുള്ള തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കടം വാങ്ങിയും നാട്ടുകാരിൽ നിന്നുള്ള ചെറിയ സഹായങ്ങൾ കൊണ്ടുമാണ് അമലിനെ ഇപ്പോൾ ചികിത്സിക്കുന്നത്. അച്ഛൻ സുഭാഷും രോഗിയാണ്. മകന്റെ കൂടെ ഉണ്ടാകേണ്ടതിനാൽ അമ്മ ശകുന്തളയും ജോലിക്ക് പോകുന്നില്ല. അമലിന് രണ്ട് സഹോദരിമാരുമുണ്ട്. വാടക വീട്ടിലാണ് ഇവരുടെ താമസം.
തുമ്പോട് മിച്ചഭൂമിയിൽ സ്ഥലവും വീട് വെക്കാൻ പഞ്ചായത്തിൽ നിന്ന് പണവും ലഭിച്ചിരുന്നു. വീട് വെക്കാൻ ഏറ്റ കരാറുകാരൻ പണവുമായി മുങ്ങി. സ്വന്തമായി ഒരു വീടുണ്ടാകുമെന്ന പ്രതീക്ഷയും അമലിന് ഇതോടെ നഷ്ടപ്പെട്ടു. രോഗം മൂർച്ഛിച്ചതോടെ അമലിന് ഈ വർഷം സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. അമലിന്റെ സ്ഥിതി മനസിലാക്കിയ സ്കൂളിലെ സ്റ്റാഫുകൾ, വിദ്യാർത്ഥികൾ, പി.ടി.എ, മാനേജ്മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം രൂപ സ്വരൂപിച്ചത്. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് വസന്തകുമാരി തുക രക്ഷകർത്താവിന് നൽകി. പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കിഡ്നി മാറ്റിവെക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതിനാൽ ഇവർ സുമനസുകളുടെ സഹായം തേടുകയാണ്. അമ്മ ശകുന്തള സുഭാഷിന്റെ പേരിൽ മടവൂർ എസ്.ബി.ഐ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. A/c നമ്പർ :67152905714. IFSC:SBIN0070286.