health

നമുക്ക് കിട്ടിയ അമൂല്യമായ സൗഭാഗ്യമാണ് ഓർമ്മകൾ. ആ ഓർമ്മകൾ എല്ലാം നശിച്ച് സ്വന്തം അസ്തിത്വം തന്നെ അറിയാതെ വരിക എന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ്. മറവിരോഗം അത്തരം ഒരു അവസ്ഥയാണ്.

തലച്ചോറിന് ബൗദ്ധികമായ പലതരം കഴിവുകൾ ഉണ്ട്. ഓർമ്മ, ഭാഷ കൈകാര്യം ചെയ്യുന്നത്, കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള കഴിവ്, ദിശാബോധം, സ്വഭാവ വിശേഷതകൾ ഇതെല്ലാം തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓർമ്മ. നമുക്ക് കിട്ടുന്ന പല വിധത്തിലുള്ള വിവരങ്ങൾ തലച്ചോറിലെ Temproal lobe എന്ന ഭാഗത്താണ് രജിസ്റ്റർ ചെയ്യുന്നത്. അത് തലച്ചോർ ശേഖരിച്ച് വയ്ക്കുകയും ഭാവിയിൽ ആവശ്യമുള്ള സമയത്ത് വീണ്ടും ഓർമ്മപ്പെടുത്തുകയും ചെയ്യും.

ഓർമ്മകൾ കൈകാര്യം ചെയ്യുന്ന ഇൗ ഭാഗത്തെ കോശങ്ങൾ നശിച്ചുപോകുന്നത് കാരണമാണ് മറവിരോഗം ഉണ്ടാകുന്നത്. മറവിരോഗത്തിന്റെ ഏറ്റവും പ്രധാനവും കൂടുതലായി കാണപ്പെടുന്ന കാരണങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ് രോഗം. തലച്ചോറിലെ മുഴകൾ, സ്ട്രോക്ക്, അപസ്മാരം, ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് വിറ്റാമിൻ B 12 തുടങ്ങിയവയുടെ അഭാവം, തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ എന്നിവയെല്ലാം മറവിരോഗത്തിന് കാരണമാകാം.

പ്രായം കൂടുന്നതിനനുസരിച്ച് അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യതയും കൂടുന്നു. 65നു മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും മറവിരോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുടുംബത്തിൽ മറവിരോഗം ഉണ്ടെങ്കിലോ, ചില ജനിതക ഘടകങ്ങൾ രക്തത്തിൽ ഉണ്ടെങ്കിലോ മറവിരോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്. അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, അമിതമായ കൊഴുപ്പ്, അമിതവണ്ണം, അമിതമായ പുകവലിയും മദ്യപാനവും ഒക്കെ മറവിരോഗം വരാനുള്ള പ്രധാന കാരണങ്ങൾ ആണ്.

ചിലപ്പോൾ ചെറുപ്പക്കാരും അമിതമായ മറവി ഉണ്ടെന്ന് പരാതിപ്പെടാറുണ്ട്. ഇത് പലപ്പോഴും ശരിക്കുള്ള മറവിരോഗം അല്ല. അമിതമായ സ്ട്രെസ്, പല കാര്യങ്ങൾ ഒരേ സമയം ചെയ്യുക എന്നിവ മൂലമാണ്. ഇത്തരം മറവികൾ ഉണ്ടാകുന്നത്. എന്നാൽ പാരമ്പര്യമായി മറവിരോഗം ഉണ്ടെങ്കിൽ ഇത്തരം മറവികൾ കാര്യമായി എടുക്കണം.

ഡോ. ശുശാന്ത് എം.ജെ.

കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,

എസ്.യു.ടി ഹോസ്പിറ്റൽ,

പട്ടം, തിരുവനന്തപുരം.

ഫോൺ: 9995688962.