തിരുവനന്തപുരം: സംസ്ഥാനത്ത് കിലോയ്‌ക്ക് 60 രൂപ വരെയെത്തിയ സവാള വിലക്കുതിപ്പ് പിടിച്ചുനിറുത്താൻ ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി. കേന്ദ്ര ഏജൻസിയായ നാഫെഡ് മുഖേന നാസിക്കിൽ നിന്ന് വെള്ളിയാഴ്ച 40 ടൺ സവാള എത്തിക്കും. ഇത് സ്‌പ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കിലോയ്‌ക്ക് 45 രൂപ നിരക്കിൽ വിൽക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു..
ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ഉള്ളി വില 80 രൂപവരെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ശരാശരി വില ഇപ്പോൾ 58 രൂപയാണ്. കഴിഞ്ഞ മാസം ഇത് 38 രൂപയായിരുന്നു. മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം കാരണമാണ് വില കൂടിയതെന്ന് വ്യാപാരികൾ പറയുന്നു. ഈ അവസ്ഥ മാറുമ്പോൾ വില കുറയുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും ചെറുനാരങ്ങയ്ക്കുമൊക്കെ വില കുതിച്ചു കയറുന്നു. സവാള ഉപേക്ഷിച്ച് ചെറിയ ഉള്ളി വാങ്ങാമെന്ന് വച്ചാൽ 60 മുതൽ 80 രൂപ വരെയാണ് വില.160 രൂപയുണ്ടായിരുന്ന വെളുത്തുള്ളി 200 രൂപയായി. ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളിക്ക് 37 രൂപയായി. വിലക്കയറ്റം കേട്ട് തൊണ്ടവരണ്ട് ഒരു നാരങ്ങാവെള്ളം കുടിക്കാമെന്നു വച്ചാലും രക്ഷയില്ല. കിലോയ്ക്ക് 100 രൂപ!