kummanam

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചശേഷം അവസാനനിമിഷം കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിൽ ബി.ജെ.പിയിൽ അമർഷവും പ്രതിഷേധവും രൂക്ഷമാവുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്നലെ നടന്ന മണ്ഡലത്തിലെ ഏരിയാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ നേതാക്കളുടെ പ്രാതിനിധ്യം കുറവായിരുന്നു എന്ന വിവരം പുറത്തുവന്നു. പാർട്ടി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികാ സമർപ്പണവേളയിൽ പ്രവർത്തകരുടെ പ്രാതിനിധ്യം കുറഞ്ഞത് ഈ പ്രതിഷേധംമൂലമാണെന്നും നേതാക്കളിൽ ചിലർ സമ്മതിക്കുന്നു. കുമ്മനം വൈമനസ്യം പ്രകടിപ്പിച്ചതുകൊണ്ടാണ് ദേശീയ നേതൃത്വം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്ന ഔദ്യോഗിക ഭാഷ്യത്തെയും പ്രവർത്തകരും ചില നേതാക്കളും തള്ളിക്കളയുന്നു.

കുമ്മനത്തിനായി പ്രചാരണം ഉൾപ്പെടെ പ്ളാൻ ചെയ്തശേഷമാണ് അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയെന്ന വിവരം നേതാക്കൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച റോഡ് ഷോ ഉൾപ്പെടെ തീരുമാനിച്ചിരുന്നു. പാർട്ടി നേതാക്കളുടെ നിർദേശ പ്രകാരം കുമ്മനവും അതിനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. പത്രിക സമർപ്പിക്കുന്നതിനുള്ള മുന്നൊരുക്കവും നടത്തി. തിരഞ്ഞെടുപ്പിനുള്ള ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള തയാറെടുപ്പും പൂർത്തിയാക്കിയിരുന്നു. ഇതെല്ലാം നടന്നശേഷമാണ് അവസാന നിമിഷം കുമ്മനത്തെ ഒഴിവാക്കിയതെന്നാണ് ആക്ഷേപം. ഇതിനുള്ള നീക്കങ്ങൾ ശനിയാഴ്ചതന്നെ ഡൽഹിയിൽ നടന്നുവെന്ന വിവരവും പുറത്തുവന്നു.

kummanam

കുമ്മനത്തിന്റെ ചിത്രമുള്ള ബോർ‌ഡുകൾ തയാറാക്കാൻ നൽകിയ ഓർഡറുകൾ റദ്ദാക്കിയിട്ടും പേര് വെട്ടുമെന്ന സൂചന പോലും കുമ്മനത്തിന് നൽകിയില്ല എന്നാണ് ആരോപണം. മുൻ ഗവർണറായ കുമ്മനത്തെ വീണ്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ദേശീയ നേതൃത്വം അനുവദിക്കില്ല എന്ന സൂചന ലഭിച്ചിട്ടും കുമ്മനത്തിന്റെ പേര് പ്രചരിപ്പിച്ചത് പാർട്ടി അണികൾക്ക് ദു:ഖമുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി നേതാക്കൾ ആദ്യ ഘട്ടത്തിൽ സമീപിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ച കുമ്മനം മുതിർന്ന നേതാക്കൾ നിർബന്ധിപ്പിച്ചപ്പോഴാണ് സമ്മതം മൂളിയത്. പിന്നീട് തന്ത്രപരമായി ഒ. രാജഗോപാലിനെക്കൊണ്ടുപോലും കുമ്മനമാണ് സ്ഥാനാർത്ഥിയെന്ന് പറയിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവുമുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡല പരിധിയിൽ നിന്ന് 50,709 വോട്ടും 2016ൽ 43,700 വോട്ടും നേടി രണ്ടാംസ്ഥാനത്ത് വന്ന കുമ്മനത്തിന് ശക്തമായ പ്രചാരണത്തിലൂടെ ജയിച്ചുകയറാമെന്നായിരുന്നു വിശ്വാസം. അതിനനുസരിച്ചുള്ള തന്ത്രങ്ങളായിരുന്നു ഉപശാലകളിൽ ഒരുങ്ങിക്കൊണ്ടിരുന്നത്. അതേസമയം ഡൽഹിയിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചോ കേന്ദ്രനേതൃത്വത്തിന്റെ വിസമ്മതത്തെക്കുറിച്ചോ ഒ.രാജഗോപാലിന് ഒരു സൂചനയും നൽകിയിയിരുന്നുമില്ല. ഈ നീക്കങ്ങളൊന്നുമറിയാതെ പ്രവർത്തകർ കുമ്മനമാണ് സ്ഥാനാർത്ഥിയെന്ന രീതിയിൽ താഴെക്കിടയിൽ പ്രചാരണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. അതേസമയം, ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയത്തെപ്പറ്റി പാർട്ടിയിൽ ഇല്ലാത്ത ആവലാതിയാണ് മറ്റുള്ളവർക്ക് എന്നാണ് ഇന്നലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞത്.