കല്ലമ്പലം : കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ മർദ്ദിച്ച കാർ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിന് സമീപം കളീക്കൽ കടപ്പുറം വീട്ടിൽ അരുൺ (30) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ രാജുവിനാണ് (47) മർദ്ദനമേറ്റത്. ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തെട്ടാംമൈലിനു സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. രാജു ഓടിച്ചിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്‌ കൊല്ലത്ത് നിന്ന് ആറ്റിങ്ങലേക്ക്‌ വരവേ ഇതേ ദിശയിൽ പോയ കാറിൽ ഉരസിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കൊല്ലം സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലാണ് ബസ് ഉരസിയത്. തുടർന്ന് നിറുത്താതെ പോയ ബസിനെ പിന്തുടർന്നെത്തിയ കാർഡ്രൈവർ ബസ്‌ നിറുത്തിച്ച് യാത്രക്കാരുടെ മുന്നിൽ വച്ച് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. ബസ്‌ ഡ്രൈവർ കല്ലമ്പലം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് കല്ലമ്പലം ഇൻസ്പെക്ടർ അനൂപ്.ആർ ചന്ദ്രന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.