psc

തിരുവനന്തപുരം: പി.എസ്.സി സായുധ ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി തന്നെയെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. രണ്ടാം റാങ്കുകാരനും പ്രധാന പ്രതിയുമായ പ്രണവിന്റെ സുഹൃത്താണ് ഇയാൾ. ഉത്തരങ്ങൾ എസ്.എം.എസ് ആയി അയയ്ക്കാൻ പ്രണവ് ചുമതലപ്പെടുത്തിയിരുന്ന എസ്.എ.പിയിലെ പൊലീസുകാരൻ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവർക്ക് ചോദ്യപേപ്പർ കൈമാറിയത് ഇയാളാണ്.

ഉത്തരങ്ങൾ മൊബൈൽ സന്ദേശങ്ങളായി അയച്ച സഫീറിന്റെയും ഗോകുലിന്റെയും ടവർ ലൊക്കേഷൻ യൂണിവേഴ്‌​സി​റ്റി കോളേജ് പരിസരമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്ന് ആദ്യം മൊഴി നൽകിയ പ്രണവ്, പിന്നീട് പി.എസ്.സി പരീക്ഷയെഴുതാനെത്തിയ സുഹൃത്തെന്ന് മാറ്റിപ്പറഞ്ഞു. സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തിയതുമില്ല. ഈ ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് എല്ലാവരുടെയും ഫോണുകളുടെ വിശദമായ സൈബർ പരിശോധന നടത്തിയത്.

പ്രതികളായ നസീം, പ്രണവ്, ശിവരഞ്ജിത്ത്, സഫീർ, ഗോകുൽ എന്നിവരുടെ ഫോൺ വിളികൾ പരിശോധിച്ചതിലൂടെയാണ് ഉത്തരം ചോർത്തിയ വിദ്യാർത്ഥിയെ കണ്ടെത്താനായത്. ഇന്നലെ പൂജപ്പുര ജയിലിലെത്തി ക്രൈംബ്രാഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്ത് ചോർത്തിയ വിദ്യാർത്ഥി ആരാണെന്ന് ഉറപ്പിച്ചു. പ്രതികൾക്ക് നുണപരിശോധന നടത്താനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ അടുത്ത ആഴ്ച കോടതി പരിഗണിക്കും. അതേസമയം, പ്രതികൾ നുണപരിശോധനയ്ക്ക് വിസമ്മതിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

യൂണിവേഴ്‌​സി​റ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കാസർകോട് കെ.എ.പി നാലാം ബ​റ്റാലിയൻ റാങ്ക് ലിസ്​റ്റിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിന്റെ വാച്ചിലേക്ക് രണ്ടു ഫോണുകളിൽ നിന്നും 96 സന്ദേശങ്ങളാണ് വന്നത്. പരീക്ഷ ആരംഭിക്കുന്ന സമയത്തും അതിനു മുമ്പുമാണ് ഒമ്പത് സന്ദേശങ്ങളെത്തിയത്. ആറെണ്ണം 2.08നും 2.15നും ഇടയിലും, 81 എണ്ണം 2.15നും 3.15നും ഇടയിലുമെത്തി. രണ്ടാം റാങ്കുകാരനായ പ്രണവിന്റെ വാച്ചിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. 2.04 നു ശേഷമാണ് സന്ദേശങ്ങളെല്ലാമെത്തിയത്.

രണ്ടാം പ്രതിയും 28-ാം റാങ്കുകാരനുമായ നസീം പി.എസ്‌.​സിയിൽ രജിസ്റ്റർ ചെയ്‌ത ഫോണിലേക്ക് സന്ദേശങ്ങളെത്തിയിട്ടില്ല. പകരം ഉപയോഗിച്ച നമ്പർ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമിക്കുകയാണ്. നസീമും ശിവരഞ്ജിത്തും പ്രണവും കാസർകോട് ജില്ലയിൽ അപേക്ഷ നൽകിയ ശേഷം തിരുവനന്തപുരത്ത് സെന്റർ ഓപ്ഷൻ തിരഞ്ഞെടുത്ത് പരീക്ഷയെഴുതുകയായിരുന്നു. ഉത്തരങ്ങൾ അയച്ച മൊബൈൽ ഫോണുകളും സ്വീകരിച്ച സ്‌മാർട് വാച്ചുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവയിലൊന്ന് കിട്ടിയാലേ സൈബർ ഫോറൻസിക് പരിശോധനയിലൂടെ, എസ്.എം.എസ് ആയി എത്തിയത് ഉത്തരങ്ങൾ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാവൂ. പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മറ്റു പ്രതികളായ ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ എന്നിവരുടെ മൊഴി.