കാട്ടാക്കട: കോട്ടൂർ അഗസ്‌ത്യ വനമേഖലയിലെ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും വെള്ളം പൂർണമായി ഇറങ്ങി. കാര്യോട് കുമ്പിൾമൂട് തോട് കരകവിഞ്ഞതോടെ വെള്ളം കയറിയ കാപ്പുകാട്, കോട്ടൂർ, ഉത്തരംകോട്, ചപ്പാത്ത്, വഞ്ചിക്കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം പൂർണമായി ഇറങ്ങി. നാല് വീടുകൾക്ക് ഭാഗികമായി നാശമുണ്ടെന്നും പ്രദേശത്ത് 2.5 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്നും കാട്ടാക്കട തഹസീൽദാർ ഹരിശ്ചന്ദ്രൻ നായർ അറിയിച്ചു. വാഴപ്പള്ളിയിൽ ലീല, കോട്ടൂർ പറക്കോണം, കുത്തുകുഴി എന്നിവിടങ്ങളിലെ രേഷ്‌മ, വസന്ത, മുസൈഫ എന്നിവരുടെ വീടുകൾക്കാണ് ഭാഗികമായി കേടുപറ്റിയത്. വാഴ, റബർ, മരച്ചീനി, ഇഞ്ചി തുടങ്ങിയ കൃഷികൾക്കാണ് കൂടുതലും നശിച്ചത്. വെള്ളം ഉയർന്ന പ്രദേശങ്ങൾ റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അപകടാവസ്ഥയിലായ വീടുകളിൽ നിന്നും ബന്ധുവീടുകളിലേക്ക് മാറിയവർ തിരികെയെത്തി. മലവെള്ളപ്പാച്ചിലിൽ പല വീടുകളിലും ചെളി കയറി. ഗൃഹോപകരണങ്ങൾക്ക് കേടുപാടുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ആദിവാസി ഊരുകളിലേയ്ക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അഗസ്‌ത്യ വനമേഖലയിലെ സെറ്റിൽമെന്റുകളിൽ തിങ്കളാഴ്ച മണിക്കൂറുകൾ നീണ്ട ശക്തമായ മഴയാണ് മലയിൽ നിന്നും കുത്തൊഴുക്കിന് കാരണമായത്. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ നാട്ടുകാരും ഭയന്നു. വനമേഖലയിൽ ഉരുൾപൊട്ടലിന് സമാനമായ രീതിയിലായിരുന്നു വെള്ളവും മണ്ണും ഒഴുകിയത്. ഇത് ഫോറസ്റ്റ് - റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പമുണ്ടാക്കി. ശക്തമായ മഴയത്ത് ആദിവാസി ഊരുകൾ പൂർണമായും ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുത ബന്ധം ഇല്ലാതായതോടെ പലരുടെയും മൊബൈൽ ഫോണുകൾ ഓഫായി. ഇതോടെ വനമേഖലയിലെ വിവരങ്ങൾ പുറത്തറിയാനും കഴിയാതെയായി. ആദിവാസി ഊരുകളിലേക്ക് പോയ വാഹനങ്ങൾ പുറത്തെത്താതിരുന്നതും ആശയക്കുഴപ്പമുണ്ടാക്കി. ഇന്നലെ റവന്യൂ-പഞ്ചായത്ത് - ഫോറസ്റ്റ് അധികൃതർ വനമേഖലയിൽ നേരിട്ടെത്തിയതോടെയും പുലർച്ചെ മുതൽ ആദിവാസികൾ പുറത്തേക്ക് വന്നതിനും ശേഷമാണ് ആശങ്ക അവസാനിച്ചത്. തുടർന്ന് കോട്ടൂർ യു.പി സ്‌കൂളിലും ഉത്തരംകോട് ഇരുവേലി സ്‌കൂളിലുമായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ചുവിട്ടു.