നെടുമങ്ങാട് : ഗൾഫിലെ ബിസിനസ് ബന്ധം തെറ്റിപ്പിരിഞ്ഞതിലുള്ള വൈരാഗ്യം നിമിത്തം സുഹൃത്തിന്റെ വീട് കത്തിച്ച കേസിൽ കൊല്ലം തൃക്കോവിൽവട്ടം മുഖത്തല രജനി ഭവനിൽ രാജീവ് ഫെർണാണ്ടസിനെ (38) നെടുമങ്ങാട്പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മൂഴി സ്വദേശി ഷിയാസിന്റെ വീട് ഫെബ്രുവരി 2 ന് രാത്രിയാണ് രാജീവ് ഉൾപ്പെട്ട സംഘം തീയിട്ട് നശിപ്പിച്ചത്. കൊല്ലം മങ്ങാട് സ്വദേശികളായ ജോർജ്, പ്രജിത്ത്,ഷിയാസ് എന്നിവർ ഗൾഫിൽ അനധികൃത ബിസിനസ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോർജിന്റെ ജോലിക്കാരൻ ജയിലിലായത് ഷിയാസ് ഒറ്റി കൊടുത്തതാണന്ന് ആരോപിച്ചാണ് ഷിയാസിന്റെ മൂഴിയിലെ വീട് ജോർജിന്റെ നേതൃത്ത്വത്തിൽ അഗ്നിക്കിരയാക്കിയത്. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലാതിരുന്നിട്ടും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസിലെ സൂത്രധാരന്മാരായ 3 പ്രതികൾ വിദേശത്താണ്. അഞ്ച് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എ.എസ്.ഐ വേണു, സി.പി.ഓമാരായ സനൽ രാജ്, പ്രശാന്ത് എന്നിവർ ചേർന്ന് കാരക്കോണം കുന്നത്തുകാലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.