vehicle-checking

തിരുവനന്തപുരം: ദേശീയ പാതകളിൽ ഗതാഗത നിയമലംഘനങ്ങൾ പിടികൂടി പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും കൂടുതൽ സജീവമായി രംഗത്തിറങ്ങും. വാഹനാപകടങ്ങൾ കൂടിയ സാഹചര്യം കണക്കിലെടുത്താണ് കുറച്ചുനാളായി നിലച്ചിരുന്ന വാഹന പരിശോധന ദേശീയ പാതകളിൽ ശക്തമാക്കുന്നത്. എത്രത്തോളം പിഴ ഈടാക്കണമെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തില്ലെങ്കിലും നിലവിലെ നിയമത്തിനുള്ളിൽ നിന്നുള്ള പിഴ ചുമത്താനാണ് തീരുമാനം. അതിനു വിസമ്മതിക്കുന്നവർക്ക് പിഴ കോടതിയിൽ അടയ്ക്കാൻ അവസരം നൽകും.

അതേസമയം ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച്‌ മോട്ടോർ വാഹനവകുപ്പ് സമർപ്പിച്ച കരട് നിർദ്ദേശം നിയമവകുപ്പിന്റെ തിരുത്തലുകളോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. അന്തിമ തീരുമാനം വൈകാനാണ് സാദ്ധ്യത.

കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ സംസ്ഥാനത്തിന് പിഴത്തുക നിശ്ചയിക്കാൻ അനുമതിയുള്ള ഏഴ് നിയമലംഘനങ്ങൾക്ക് പുറമെ മറ്റുള്ളവയ്ക്കും കുറഞ്ഞ പിഴ മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് നിയമപ്രാബല്യം ലഭിക്കുമോ എന്നതിലാണ് ഉപദേശം തേടിയത്. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചല്ല കേന്ദ്രനിയമത്തിൽ പിഴ നിശ്ചയിച്ചിട്ടുള്ളതെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ഇതു സംബന്ധിച്ച്‌ കേന്ദ്രത്തിന് കത്ത് അയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.