palode-villa

പാലോട്: പാലോട് വില്ലേജ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി എത്തുന്ന നൂറ് കണക്കിന് ആളുകൾക്ക് ബുദ്ധിമുട്ടാകുന്നു. വാർദ്ധക്യം ബാധിച്ചവരും വികലാംഗരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.

പൊലീസ് സ്റ്റേഷൻ, ആശുപത്രി, പൊതുമരാമത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നുമുള്ള വെള്ളം ഒഴുകി എത്തുന്നത് വില്ലേജോഫീസിന് മുന്നിലാണ്. ഇവിടെ വെള്ളക്കെട്ടുണ്ടായിട്ട് മാസങ്ങളായി.

മൂന്നടിയിലധികം താഴ്ചയുള്ള കുഴിയും കൂടി ചേരുന്നതോടെ ഓഫീസിലേക്ക് കയറാനാകാത്ത സ്ഥിതിയായി.

രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കൂടിയായതോടെ പ്രശ്നം രൂക്ഷമായി.

കഴിഞ്ഞ ദിവസം കുഴിയുടെ ആഴമറിയാതെ എത്തിയ പാലുവള്ളി സ്വദേശി വീണ് അപകടത്തിൽ പെട്ടു. വില്ലേജ് ഓഫീസിനു മുന്നിലെ വഴി കഴിഞ്ഞുള്ള ഭാഗത്ത് ഓടയിൽ കരിങ്കല്ലും ചവറും നിറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം.

പൊതുമരാമത്ത് ഓഫീസിന്റെ കൺമുന്നിലാണ് ഈ കാഴ്ചകളെല്ലാം. ഇവരും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സ്ഥിതി തുടരുകയാണെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.