kamudi

തിരുവനന്തപുരം: അർബുദ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായ ചലച്ചിത്രനടി രാധാമണിക്ക് സർക്കാരിന്റെ സമാശ്വാസം. രണ്ടു വർഷം മുമ്പുവരെ വെള്ളിത്തിരയിൽ സജീവമായിരിക്കുകയും, രോഗം ബാധിച്ചപ്പോൾ സിനിമാലോകം മറന്നുകളയുകയും ചെയ്‌ത രാധാമണിയുടെ കഥ 'കേരളകൗമുദി' ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിച്ചാണ് സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ അടിയന്തരമായി ഇടപെട്ട് രാധാമണിക്ക് സഹായമെത്തിക്കാൻ നിർദേശം നൽകിയത്.

രോഗബാധിതരായ കലാകാരന്മാർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി പ്രകാരമാണ് സഹായം അനുവദിക്കുക. ഒന്നര വർഷം മുമ്പ് ശ്വാസകോശത്തെ ബാധിച്ച അർബുദം തലച്ചോറിലേക്കു പടർന്നതോടെയാണ് രാധാമണിയുടെ അവസ്ഥ ദുരിതമയമായത്. ഭർത്താവ് തനയലാലിന് ബിസിനസിൽ സംഭവിച്ച നഷ്‌ടത്തിനു മീതെ, കാർ അപകടത്തിൽപ്പെട്ട മകൻ അഭിനയിന്റെ ജീവൻ തിരികെപ്പിടിക്കാൻ ഇരുപതു ലക്ഷത്തോളം രൂപ കൂടി വേണ്ടിവന്നതോടെ രാധാമണി തളർന്നു. ആർ.സി.സിയിൽ ചികിത്സയിലുള്ള രാധാമണിയ്ക്ക് മരുന്നിനു തന്നെ മാസംതോറും 28,000 രൂപ വേണം. ചെന്നെയിലെ വാടകവീട്ടിൽ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വന്നുപോകാൻ പോലും പണമില്ലാത്ത അവസ്ഥ.

രാമുകാര്യാട്ടിന്റെ ഏഴുരാത്രികളിലൂടെ ബാലതാരമായി സിനിമയിലെത്തിയ ടി.പി. രാധാമണി 105 മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേംനസീറും സത്യനും മുതൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ വേഷമിട്ടു. ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്‌പ്രസിൽ അഭിനയിച്ച രാധാമണി തമിഴിൽ കമലഹാസനും പ്രഭുവിനും വിജയ് സേതുപതിക്കും ഒപ്പവും അഭിനയിച്ചിട്ടുണ്ട്.