തിരുവനന്തപുരം: സ്ഫുടം ചെയ്ത ഗന്ധർവനാദത്തിന്റെ വീചികൾ ഭിന്നഭാവങ്ങളിൽ പെയ്തിറങ്ങിയപ്പോൾ എ.കെ.ജി ഹാളിൽ തിങ്ങിനിറഞ്ഞ സംഗീതപ്രേമികൾ ധന്യതയിലായി. സൂര്യ നൃത്തസംഗീതോത്സവ വേദിയിൽ തുടർച്ചയായി തന്റെ 42 -ാമത് സംഗീതക്കച്ചേരിയാണ് ഇന്നലെ ഡോ.കെ.ജെ.യേശുദാസ് അവതരിപ്പിച്ചത്. ആലാപനത്തിന്റെ വ്യത്യസ്ത വഴികളിൽ ഗാനഗന്ധർവൻ സ്വയം മറന്നു സഞ്ചരിച്ചപ്പോൾ, സമ്പന്നമായ സദസും ഒപ്പംകൂടി.
സംഗീതാർച്ചനയ്ക്കൊപ്പം പിന്നിട്ട പാതകളിലേക്ക് തിരിഞ്ഞു നോക്കിയും സമകാലീന സത്യങ്ങളിലേക്ക് വിരൽചൂണ്ടിയും യേശുദാസ് വേദിയിൽ നിറഞ്ഞു. പ്രസന്നഭാവത്തിൽ, ഹ്രസ്വമായ രാഗാലാപനത്തോടെ തുടക്കം. 'ഏറാനാ പൈ..' എന്നു തുടങ്ങുന്ന തോടി രാഗത്തിലുള്ള വർണം ആദ്യം. നിറഞ്ഞ കൈയടിയോടെ സദസ് സംഗീതപ്രസാദം സ്വീകരിച്ചതോടെ ദാസേട്ടനും ഉത്സാഹമായി. ഹംസധ്വനി രാഗത്തിൽ 'നമാമി വിഘ്ന വിനായക..'എന്ന കൃഷ്ണസ്വാമി അയ്യ കീർത്തനമായിരുന്നു അടുത്തത്. മനോധർമ്മ സ്വരംപാടി കീർത്തനം അവസാനിപ്പിച്ചപ്പോൾ സദസ് ദീർഘനേരം കരഘോഷം മുഴക്കി. 'തുയനഗുരു തുണൈ അരുൾ' എന്ന തമിഴിലുള്ള ഗുരുസ്തുതിയാണ് ഹംസാനന്ദി രാഗത്തിൽ പിന്നീട് ആലപിച്ചത്.
ഈ സ്തുതി അവതരിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം അച്ഛനിലേക്കും ഗുരുക്കന്മാരിലേക്കും സ്മൃതിസഞ്ചാരം നടത്തിയത്. '1965-ൽ 55-ാം വയസിലാണ് കുടുംബത്തെ എന്റെ തലയിലാക്കിയിട്ട് ആദ്യഗുരുകൂടിയായ പിതാവ് പോയത്. അതിനു പിന്നാലെ ദൈവത്തെപ്പോലെ ചെമ്പൈ സ്വാമി വന്നു. അർഹതയില്ലാഞ്ഞിട്ടും എനിക്ക് അദ്ദേഹത്തിന് ഒപ്പമിരിക്കാൻ ഭാഗ്യം ലഭിച്ചു.സ് വന്തം മക്കളെപ്പോലെ കരുതിയാണ് അദ്ദേഹം ശിഷ്യർക്ക് സംഗീതപാഠങ്ങൾ പറഞ്ഞു തരുന്നത്. അതു കഴിഞ്ഞപ്പോഴാണ് പല്ലവി സ്വാമി എന്റെ പാട്ടു കേട്ട് വീട്ടിലേക്ക് എത്തുന്നത്. 'ഭൂലോക വൈകുണ്ഠപുരവാസനേ' എന്ന പല്ലവി ഏറെ നിർബന്ധിച്ചാണ് അദ്ദേഹം പാടിച്ചത്. 'ഗുരുക്കന്മാരെയും മാതാപിതാക്കളെയും മനസുകൊണ്ട് സേവിക്കണമെന്നായിരുന്നു പുതിയ തലമുറയോട് അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ.
'എവരൂര നിനൂപിനാ' എന്ന മോഹനരാഗത്തിലുള്ള ത്യാഗരാജ കീർത്തനമായിരുന്നു അടുത്തത്. സിംഹേന്ദ്രമദ്ധ്യമത്തിലും കാഞ്ചനാവതി തുടങ്ങിയ രാഗങ്ങളിലും കീർത്തനങ്ങൾ ഒന്നൊന്നായി എത്തിയപ്പോൾ സദസും ആസ്വാദനത്തിന്റെ പുതിയ മേഖലയിലേക്ക് എത്തി. എസ്.ആർ. മഹാദേവ ശർമ്മ (വയലിൻ), കാലിക്കറ്റ് ഹരി (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവരായിരുന്നു പിന്നണിയിൽ. പരിപാടിയുടെ പ്രായോജകരായ യൂണി മണിയുടെ മേധാവികളും സഹോദരങ്ങളുമായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും ചേർന്ന് യേശുദാസിനെ ആദരിച്ചു. യേശുദാസിന്റെ പത്നി പ്രഭായേശുദാസും സദസിൽ മുൻനിരയിലുണ്ടായിരുന്നു.