തിരുവനന്തപുരം: വിദഗ്ദ്ധ പരിശോധനയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്ക് തിരിച്ചു. കുറേ നാളായി ശബ്ദം പുറത്തുവരാത്ത തരത്തിൽ തൊണ്ടയിലുണ്ടായിരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനാണ് യാത്ര. പരിശോധനയ്ക്കുശേഷം ചികിത്സ ആവശ്യമായി വരികയാണെങ്കിൽ അത് പൂർത്തിയാകുന്നതു വരെ ന്യൂയോർക്കിൽ തുടരും. തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മൻചാണ്ടി യാത്ര തിരിച്ചത്. ദുബായിൽ ചെന്ന ശേഷം അവിടെയുള്ള മകൾ അച്ചുവുമൊത്താണ് യാത്ര. മകൻ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്. വിദഗ്ദ്ധ പരിശോധനകൾക്കായി ഏഴുദിവസം വേണ്ടിവരുമെന്നാണ് സൂചന. തൊണ്ടയിലെ ബുദ്ധിമുട്ടിനെ തുടർന്ന് ഇവിടെ രണ്ടു ആശുപത്രികളിൽ പരിശോധന നടത്തിയിരുന്നു. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ലഭിച്ചത്. അതേ തുടർന്നാണ് അമേരിക്കയിൽ വിദഗ്ദ്ധ പരിശോധന നടത്താമെന്ന് തീരുമാനിച്ചത്.