തിരുവനന്തപുരം: വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്‌കറിന്റെ കലാജീവിതത്തിന് കരുത്തേകിയ യൂണിവേഴ്‌സിറ്റി കോളേജിൽ പ്രിയബാലുവിന്റെ ഓർമ്മകളിൽ കൂട്ടുകാരും ആരാധകരും ഒത്തുകൂടി. ബാലഭാസ്‌കറിന്റെ ഓർമ്മകൾ നിറഞ്ഞുനിന്ന കാമ്പസിൽ വേർപാടിന് ഒരു വർഷം തികഞ്ഞ ഇന്നലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 'ഓർമ്മകളിലെ ബാലു' എന്ന പരിപാടി സംഘടിപ്പിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജിൽ മ്യൂസിക് ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. അർഹമായ വിജയത്തിലേക്കെത്തും മുമ്പാണ് ബാലഭാസ്‌കർ പോയത്. എന്നാൽ ബാലുവിന്റെ സംഗീതം എന്നും അനശ്വരമായി നമ്മോടൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. താനൊരു സിനിമയിൽ നായകനാകാൻ പോകുന്നുവെന്ന് ബാലഭാസ്‌കർ പറഞ്ഞത് സംവിധായകൻ ടി.കെ. രാജീവ് കുമാർ അനുസ്മരിച്ചു. മരണത്തിന് മുമ്പ് തന്നോടും മോഹലാലിനോടുമാണ് ബാലു ഇക്കാര്യം പറഞ്ഞത്. പഠനകാലം മുതൽ ബാലുവിനോടൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു നർത്തകി ഡോ. നീനാപ്രസാദ്. യൂണിവേഴ്‌സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്ന തന്റെ അച്ഛന്റെയടുത്ത് ട്യൂഷന് വന്നിരുന്ന ബാലഭാസ്‌കറിനെക്കുറിച്ച് നീന ഓർത്തെടുത്തു. ഗായിക രാജലക്ഷ്മിയും ബാലഭാസ്‌കറിനൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ചു.
ചടങ്ങിൽ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് എസ്.പി. ദീപക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ബെൻ ഡാർവിൻ, ബി. സുനിൽ, വി.എസ്. അക്ബർഷാ എന്നിവർ സംസാരിച്ചു. തുടർന്ന് ബാലഭാസ്‌കറിന് ആദരമർപ്പിച്ച് രാജലക്ഷ്മിയുടെ നേതൃത്വത്തിൽ സംഗീതാഞ്ജലിയും നടന്നു.