പോത്തൻകോട്: മിനറൽ വാട്ടറിന്റെ കുപ്പി ബ്രേക്ക് പെടലിൽ കുരുങ്ങിയതിനെതുടർന്ന് ഓടികൊണ്ടിരുന്ന കാറിന്റെ നിയന്ത്രണംതെറ്റി. റോഡിൽ നിന്ന് തെന്നിമാറിയ കാർ മുന്നൂറ് മീറ്റർ അകലെ ഏഴടി പൊക്കത്തിലെ മൺകൂനയിൽ ഇടിച്ചു നിന്നു. ആർക്കും ആളപായമില്ല. ഇന്നലെ രാത്രി ഏഴുമണിയോടെ കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപമായിരുന്നു അപകടം. കാര്യവട്ടം എൽ.എൻ.സി.പിയിലെ സൈക്ലിംഗ് വനിതാ കോച്ചും വിദ്യാർത്ഥികളുമായിരുന്നു കാറിലുണ്ടായിരുന്നത്. ചന്തവിളയിൽ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം. ഈ സമയം റോഡിൽ വാഹനത്തിരക്കുണ്ടായിരുന്നെങ്കിലും ഡ്രൈവർ കാർ ഒരു വശത്തേക്ക് വെട്ടിത്തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.