police

കല്ലറ: അനധികൃത മദ്യവില്പന പിടികൂടാനെത്തുന്ന പൊലീസിനെ സ്ത്രീകളെ ഇറക്കി തടയുന്നത് പതിവാക്കിയ മധ്യവയസ്കനെ ഒടുവിൽ പൊലീസ് പൊക്കി അകത്താക്കി. പാലോട് എക്സ് സർവീസ് മെൻകോളനി കാറ്റാടിമുക്ക് സ്വദേശിമോഹനൻ ഉണ്ണിത്താനെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. അനധികൃത മദ്യ കച്ചവടം നടത്തുന്ന ഇയാളെ പാങ്ങോട് പൊലീസ് ഒരു വർഷത്തോളമായി നോട്ടമിട്ടിരുന്നു.എന്നാൽ വീട്ടിൽ പരിശോധനയ്ക്ക് ചെല്ലുമ്പോഴെല്ലാം സ്ത്രീകളെ ഉപയോഗിച്ച് പൊലിസിനെ വിരട്ടും. വീട്ടിനുള്ളിൽ കയറുന്നത് തടയുകയും ചെയ്യും.വനിതാ പൊലീസ് വന്നാലെ വീട്ടിനുള്ളിൽ കയറാൻ കഴിയൂ എന്ന് പറഞ്ഞാണ് സ്ത്രീകൾ പൊലീസിനെ തടയുന്നത്.നിവധി തവണ ഇത് ആവർത്തിച്ചു.വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്നാൽ വാദി പ്രതിയാകുമോയെന്ന ഭയമായിരുന്നു പൊലീസിന്.

കഴിഞ്ഞ ദിവസം മോഹനനെ പൊക്കാൻ പൊലീസ് സർവസന്നാഹങ്ങളുമായാണ് എത്തിയത്. വനിതാ പൊലീസും ഒപ്പമുണ്ടായിരുന്നു.വീട്ടിൽ പൊലീസ് എത്തിയപ്പോൾ സ്ത്രീകൾ പതിവ് പോലെ തടഞ്ഞു.ഇതോടെ പൊലീസുകാരികൾ ചാടിയിറങ്ങി സ്ത്രീകളെ പിടിച്ചുമാറ്റി വീട്ടിനുള്ളിൽ കടന്നു. പതിമൂന്ന് കുപ്പി മദ്യമാണ് വീട്ടിനുള്ളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത്. ഇതേസമയം പുരുഷപൊലീസുകാർ ഉണ്ണിത്താനെ കൈയ്യോടെ പൊക്കുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.പാങ്ങോട് എസ് എച്ച് ഒ സുനിഷ്. എസ് അജയൻ, സി പി ഒ മാരായ ദിനേഷ് ബാബു, രൺജിത്, മുകേഷ്, രജിത് ലാൽ, പ്രവീൺ ചന്ദ്രൻ, രാജി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.