കഴിഞ്ഞ ആറു ദശാബ്‌ദങ്ങളായി അമേരിക്കയിലും ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടു എന്നുപറയപ്പെടുന്ന വിചിത്ര ജീവിയാണ് മോത്ത് മാൻ! ഷഡ്പദത്തിന്റേത് പോലുള്ള ചിറകുകളോടുകൂടിയ, മനുഷ്യനെപ്പോലെ തോന്നിക്കുന്ന മോത്ത്മാന് നിവർന്ന് നടക്കാൻ കഴിയുമത്രെ. ബ്രൗൺ, ഗ്രേ, കറുപ്പ് എന്നിവ ഇടകലർന്ന നിറമുള്ള മോത്ത് മാന് 7 അടിയോളം ഉയരവും 10 മുതൽ 15 അടിവരെ നീളമുള്ള ചിറകുകളും ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ചുവന്ന തിളങ്ങുന്ന കണ്ണുകളോടുകൂടിയ ഇവയ്‌ക്ക് മണിക്കൂറിൽ 100 മൈലിലേറെ സഞ്ചരിക്കാൻ കഴിയും. അമേരിക്കൻ മാദ്ധ്യമങ്ങൾ ഈ വിചിത്ര ജീവിയ്ക്ക് നൽകിയ പേരാണ് മോത്ത് മാൻ. അതേസമയം, മോത്ത് മാൻ എന്നത് യാഥാർത്ഥ്യമാണോ കെട്ടിച്ചമച്ചതാണോ എന്ന് ഇതേവരെ തെളിയിച്ചിട്ടില്ല.
1966 നവംബർ 12ന് വെസ്‌റ്റ് വിർജീനിയയിലെ ക്ലെൻഡെനിലുള്ള ഒരു സെമിത്തേരിയിൽ ശവസംസ്‌കാരത്തിന് എത്തിയവരാണ് മരത്തിൽ നിന്നും പറന്നു പോകുന്ന മോത്ത്മാനെ ആദ്യമായി കണ്ടത്. ഇതിനുശേഷം തുടർച്ചയായ 13 മാസത്തിനിടെ 100ലധികംപേർ ഇതിനെ കണ്ടെന്ന് അവകാശപ്പെട്ടു. വെസ്‌റ്റ് വിർജീനിയയിലെ പോയിന്റ് പ്ലെസന്റിലാണ് ഇരുളിന്റെ മറവിൽ ഏറ്റവും കൂടുതൽ പേർ മോത്ത് മാനെ കണ്ടത്.
മോത്ത് മാൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും, മറിച്ച് വരാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ് നൽകുന്നെന്നും ചിലർ വിശ്വസിക്കുന്നു. 1967ൽ 46 പേരുടെ മരണിനിടയാക്കിയ സിൽവർ ബ്രിഡ്‌ജ് ദുരന്തം, ജർമനിയിലെ ഫ്രെയ്ബർഗ് ഖനി അപകടം, റഷ്യയിലെ ചെർണോബിൽ ആണവ ദുരന്തം, വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം എന്നിവ നടക്കുന്നതിന് ദിവസങ്ങൾ മുമ്പ് അവിടെ മോത്ത് മാനെ കണ്ടതായി ചിലർ അവകാശപ്പെട്ടു. എന്നാൽ, മോത്ത് മാന്റേതെന്ന് പറയുന്ന ഫോട്ടോകൾ വ്യാജമാണെന്നാണ് അധികൃതർ പറയുന്നത്. ഒരുതരം വലിയ മൂങ്ങകളെ മോത്ത് മാൻ എന്ന പേരിൽ ഭീതി പടർത്താൻ ഉപയോഗിക്കുകയാകാം എന്ന് ചിലർ വാദിക്കുന്നു. ഈ വിചിത്ര ജീവിയുടെ സാന്നിദ്ധ്യത്തെ സാധൂകരിക്കുന്ന അമേരിക്കൻ എഴുത്തുകാരൻ ജോൺ കീലിന്റെ ' ദ മോത്ത് മാൻ പ്രൊഫസീസ് ' എന്ന പുസ്‌തകം പ്രസിദ്ധമാണ്. ഇതേപേരിൽ 2002ൽ ഒരു സിനിമയും പുറത്തിറങ്ങി. പോയിന്റ് പ്ലെസന്റിൽ എല്ലാ സെപ്‌റ്റംബറിലും മോത്ത്മാൻ ഫെസ്‌റ്റിവൽ നടത്താറുണ്ട്. മോത്ത് മാൻ മ്യൂസിയവും മോത്ത് മാന്റെ പ്രതിമയും ഇവിടെ കാണാം.