വിനയത്തിന്റെ വിദ്യുത് പ്രഭയായ ദേവിയെ ഉപാസിക്കുന്ന മഹാനവരാത്രി മഹിമ ! ജീവിതം ഒരു ഉപാസനയാണെന്നിരിക്കെ പ്രപഞ്ചൈക്യ ശക്തിയായ പരാശക്തിയെ ഭക്ത്യനുരാഗ പരാഭവമായ ഹൃദയശുദ്ധിയോടെ, നവനവങ്ങളായ അറിവിനു വേണ്ടി, മനോവാക്വൃത്തി പൂർണങ്ങളായ കരുത്തിനു വേണ്ടി 'നവരാത്രി "കളെ പ്രാർത്ഥനാ നിർഭരമാക്കുന്ന മഹാനവമി.
ദേവി വെൺതാമരപ്പൂവിൽ വസിക്കുന്നു. നമ്മുടെ മനോപദ്മത്തിൽ ദേവിയെ കുടിയിരുത്തിയാൽ ആ ദേവി നമുക്ക് ശ്രേയസും പ്രേയസും വിദ്യയും വിനയവും നൽകി അനുഗ്രഹിക്കുന്നു. ആശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലെ മൂലം നക്ഷത്രത്തിൽ സപ്തമിതിഥിയിൽ പുസ്തകത്തിൽ സരസ്വതിയെ ആവാഹിക്കുന്നു. അത് ദുർഗാഷ്ടമിയും പിറ്റേദിവസം മഹാനവമിയും അതിനടുത്ത ദിവസം വിജയദശമിയുമായി കൊണ്ടാടുന്നു.
'ഹരിഃ ശ്രീഃ ഗണപതയേ നമഃ" എന്നതിന്റെ സംഖ്യ അൻപത്തിയൊന്നു തന്നെയാകുന്നു. കടവയാദി സമ്പ്രദായം നോക്കിയാൽ ഇത് ശരിയാണെന്നു കാണാം. ഹരിഃ28, ശ്രീഃ 2, ഗ - 3, ണ - 5, പ - 1, ത - 6, യേ - 1,ന - 0, മ - 5, ഇപ്രകാരം കൂട്ടിയാൽ അൻപത്തിയൊന്നു ലഭിക്കും. വർണങ്ങൾ മുഴുവനും കൂട്ടിയാൽ ഇതിൽ അധികമാകാമെങ്കിലും പൊതുവെ, നാം അൻപത്തൊന്നക്ഷരം എന്നാണു പറയുന്നത്.
''മാതാപിതാ ഗുരു ദൈവം" എന്ന സങ്കല്പം ഒന്നിച്ചുചേരുന്ന ധന്യമുഹൂർത്തമാണ് നവരാത്രി പൂജാവേള.
അക്ഷരങ്ങൾ പകർന്നുകൊടുക്കുന്ന ഗുരുവും അതിനുവേണ്ടി പ്രാർത്ഥനയോടെ നില്ക്കുന്ന മാതാപിതാക്കളും ആ അനുഗ്രഹ പ്രഭാവത്തിൽ തപഃസമാനമായ മനസുമായി നില്ക്കുന്ന ജിജ്ഞാസുവും ചേർന്ന ആ ധന്യമുഹൂർത്തം ഏതൊരു ബാല്യത്തിന്റെയും മഹാസൗഭാഗ്യ സംദായകമായ അനർഘ നിമിഷമാണ്.
സംസ്കൃതത്തിൽ 'ഗു " എന്ന പദത്തിന് അന്ധകാരം (ഇരുട്ട്) എന്നിങ്ങനെ അർത്ഥം. 'രു " എന്ന പദത്തിന് അകറ്റുന്നു എന്നും അർത്ഥം. അതായത് ഇരുട്ടിനെ, അജ്ഞാനത്തെ അകറ്റുന്നത് ഗുരു. അതിനാൽ 'ഗുരു" ദൈവതുല്യനാണ്. ഗുരുവിലൂടെ നമുക്ക് ദൈവസാന്നിദ്ധ്യവും ആത്മബോധവും ഉളവാകുന്നു.
സരസ്വതീദേവിയെ ആദിമ വൈദികകാലം മുതൽ ഭാരതത്തിൽ ആരാധിച്ചു പോന്നിരുന്നതിന് അനവധി തെളിവുകളുണ്ട്. എല്ലാ ജ്ഞാനശക്തികളെയും പ്രോജ്വലിപ്പിക്കുന്ന ആ ജഗദംബയെ സ്തുതിക്കുന്ന മന്ത്രങ്ങൾ ഋഗ്വേദത്തിൽ 'സാരസ്വതം" എന്നാണ് അറിയപ്പെടുന്നത്. യജുസ്, സാമം, അഥർവം എന്നീ വേദങ്ങളിലും സരസ്വതീപ്രണാമ മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ 124-ാം സൂക്തമാണ് 'ശക്തിസൂക്തം." അതിൽ ദേവിയുടെ ചൈതന്യവും ശക്തിയും ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു : 'ഞാൻ രുദ്ര, ആദിത്യ, വസുക്കളിലും മിത്ര, വരുണ, ഇന്ദ്രാദികളിലും, അമൃതം, ജ്ഞാനം, ഐശ്വര്യം എന്നിവയിലും ഉൾക്കൊണ്ടിരിക്കുന്നു. വിശ്വത്തിന്റെ രാജ്ഞിയായ ഞാൻ നിധിയുടെ ഉറവിടമാണ്. ദേവന്മാരുടെയും യക്ഷകിന്നരന്മാരുടെയും ഗന്ധർവന്മാരുടെയും ഇഷ്ടദേവതയായ ഞാൻ വായുവും വെളിച്ചവും ജലവും എല്ലാമാകുന്നു. എന്നെ ആരാധിക്കുന്ന ഭക്തനെ ഞാൻ ശ്രേഷ്ഠനാക്കും. അവന് ഞാൻ വേദവും വിദ്യയും ജ്ഞാനവും വാരിക്കോരി കൊടുക്കുന്നു.
ജ്ഞാനവിഹീനമായ ശക്തിയും ശക്തിവിഹീനമായ ജ്ഞാനവും അർത്ഥശൂന്യമാണ്. നവരാത്രി വേളയിൽ ജ്ഞാനത്തെയും ശക്തിയെയും സരസ്വതിയെയും ദുർഗയെയും ഒരേപോലെ ആരാധിക്കുന്നു. ഒൻപത് രാത്രികളും കഴിഞ്ഞുവരുന്ന പ്രഭാതം ദുർഗയുടെ അപരാജിതരൂപത്തെ ഉപാസിക്കാനുള്ളതാണ്. ഇൗ പുണ്യദിനത്തെയാണ് 'വിജയദശമി" യെന്ന് വിളിക്കുന്നത്. വിജയദശമിനാളിൽ ആരംഭിക്കുന്ന ഏത് കാര്യവും ശുഭ പര്യവസായിയാകുന്നു. ഉത്തർപ്രദേശിലും ഡൽഹിയിലുമെല്ലാം നടക്കുന്ന 'രാമലീല" രാമരാവണ യുദ്ധത്തെ അനുസ്മരിപ്പിക്കുന്നു.
രാവണവധത്തിനായി ശ്രീരാമൻ ദുർഗാദേവിയെ ഉപാസിച്ച വേളയാണ് നവരാത്രി. ദുർഗാഷ്ടമി നാളിൽ ദേവി ആദിപരാശക്തി ശ്രീരാമചന്ദ്രനു മുന്നിൽ പ്രത്യക്ഷപ്പെടുകയും മഹാനവമി നാളിൽ രാവണവധം നടന്ന് വാനരവ്യൂഹവും മറ്റും വിജയശ്രീലാളിതനായി മടങ്ങുകയും ചെയ്തുവെന്നാണ്.
പ്രാചീന കാലംമുതൽ തന്നെ ശാക്തേയാരാധന കേരളത്തിൽ നിലനിന്നിരുന്നു. പരശുരാമനാണ് ഇൗ ശാക്തേയാരാധനയുടെ പ്രയോക്താവ്. ധർമ്മസംസ്ഥാപനത്തിനായി നൂറ്റിയെട്ട് ദുർഗാലയങ്ങളും നൂറ്റിയെട്ട് ശിവാലയങ്ങളും കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷ്ഠിച്ചുവെന്നാണ്. കൂടാതെ പതിനെട്ടു ശാസ്താക്ഷേത്രങ്ങളും പ്രതിഷ്ഠിച്ചു. കേരളം സൃഷ്ടിച്ച ശേഷമുള്ള ഇൗ പ്രതിഷ്ഠാനങ്ങൾ പണ്ടേ കീർത്തിതങ്ങളാണ്. ദേവീപ്രതിഷ്ഠകളുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് നൂറ്റിയെട്ടു ദുർഗാലയങ്ങൾ.
ഭക്തിയുടെ ഒൻപത് നവനവങ്ങളായ ആരാധനാക്രമങ്ങൾ ഭാവസംപൂർണങ്ങളാണ്. മൈസൂറിലെ ദസറ ഉത്സവത്തിലും ആയുധപൂജയ്ക്ക് വളരെ പ്രാധാന്യമുണ്ട്. കായികാഭ്യാസ പ്രകടനങ്ങളും ആനയമ്പാരികളും ദീപാലങ്കാരങ്ങളുമൊക്കെ ഇൗ ഐതിഹ്യത്തെ സാധൂകരിക്കുന്നു. ബംഗാളിലെ ദേശീയോത്സവമാണിത്. ആശ്വിനി മാസത്തിലെ ശുക്ളപക്ഷ പ്രതിപദത്തിൽ ആരംഭിച്ച് നവമിവരെയുള്ള ഒൻപത് ദിവസങ്ങളിലായി ആരാധനയുടെ അതിമനോഹരമായ ഒൻപത് രാത്രികൾ. ഭക്തിയുടെ സൗന്ദര്യം മതിമോഹനമായി മാറുന്ന നിമിഷങ്ങൾ!
ഹംസാരൂഢയായ ദേവി നാല് തൃക്കൈകളിലായി ഗ്രന്ഥം, വീണ, അമൃതകലശം, അക്ഷരമാല എന്നിവ ധരിക്കുന്നു. ഹംസവാഹനയാണ് ദേവി സരസ്വതി. അതുകൊണ്ടാണ് ഇൗ വേളയിൽ ദേവിയെ ഹംസവാഹനത്തിലെഴുന്നള്ളിക്കുന്നത്. നമ്മുടെ വാഗേയകാരന്മാർ നിരവധി ദേവീസ്തുതികൾ വിരചിച്ചിട്ടുണ്ട്. സ്വാതി തിരുനാളിന്റെ നവരാത്രി കീർത്തനങ്ങൾ ഏറെ പ്രസിദ്ധങ്ങളാണ്. എവിടെയും മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കൃതികൾ എത്രയോ ഖ്യാതിപെറ്റതാണ്. സംഗീതവും സാഹിത്യവും ദേവിയുടെ സ്തനദ്വയങ്ങളാണ് എന്ന് പുകഴ്ത്തപ്പെടുന്നു.
വരബലത്താൽ ധിക്കാരിയായ മഹിഷാസുരനെ വധിക്കാൻ പരാശക്തിക്ക് മാത്രമേ സാദ്ധ്യമാകൂ എന്നറിഞ്ഞ് ത്രിമൂർത്തികൾ സ്വമുഖ തേജസുകളോടൊപ്പം മറ്റു ദേവീദേവ പ്രഭാവങ്ങളെയും സ്വാംശീകരിച്ച് അവയുടെ സമ്യക്ഭാവമായി രൂപംകൊണ്ട ദുർഗാദേവിയിൽ അസുരന് പ്രീതി ജനിക്കുകയും 'ആരായാലും യുദ്ധത്തിൽ തന്നെ പരാജയപ്പെടുത്തുന്നയാൾക്കേ വരണമാല്യമണിയിക്കാൻ സാദ്ധ്യമാകൂ" എന്ന ദേവിയുടെ അരുളപ്പാടിൽ വീണുപോയ മഹിഷാസുരനെ തുടർന്നുള്ള യുദ്ധത്തിൽ ദേവി വധിക്കുകയും ധർമ്മസംസ്ഥാപനം നടത്തിയ ദുർഗാദേവിയെ ദേവഗണങ്ങൾ പ്രകീർത്തിക്കുകയും ചെയ്തു. ദേവി, മഹിഷനെ കൊന്ന് വിജയം നേടിയതിന്റെ അനുസ്മരണാഘോഷമാണ് 'വിജയദശമി"യായി ആചരിച്ചു തുടങ്ങിയത് എന്ന് പ്രഘോഷിക്കപ്പെടുന്നു. വനവാസാനന്തരം മഹാനവരാത്രിയുടെ ഒടുവിൽ ശമീവൃക്ഷത്തിന്റെ പൊത്തിൽ നിന്നും തന്റെ ഗാണ്ഡീവത്തെയെടുത്ത് 'വിജയ"നായ അർജുനൻ കൗരവരെ യുദ്ധത്തിൽ തോല്പിച്ചതിനാൽ ആ ദിനം 'വിജയദശമി"യായി ആഘോഷിക്കുന്നു.
നാനാപ്രകാരേണ ആഘോഷിക്കുന്ന മഹാനവമി നമ്മുടെ അറിവിനോടുള്ള ആദരവും സംസ്കൃതിയോടുള്ള അനുസരണവും നാനാർത്ഥ സംപൂർണമായ അന്വേഷണത്വരയുടെ അനുരണനവുമാണ്. ദേവതയ്ക്കു മുന്നിൽ എല്ലാപേരും സമന്മാരെന്നപോലെ അറിവിനു മുന്നിൽ, ആയോധനത്തിനു മുന്നിൽ, ആചരണത്തിനു മുന്നിൽ എല്ലാവരുമൊന്നാണെന്ന് ഇൗ നവരാത്രി ശുഭവേള നമ്മെ ഒാർമ്മിപ്പിക്കുന്നു. അതുതന്നെയാണ് നമ്മുടെ വിദ്യാരംഭവും !