ഹരിദ്വാർ: ആത്മഹത്യചെയ്ത നാൽപ്പതുകാരന്റെ ഭാര്യമാരെന്ന് അവകാശപ്പെട്ടെത്തിയത്
ഏഴുസ്ത്രീകൾ. ഇതിലാരാണ് യഥാർത്ഥ ഭാര്യയെന്നറിയാതെ ടോട്ടൽ കൺഫ്യൂഷനിലാണ് ഹരിദ്വാർ പൊലീസ്. സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന പവൻകുമാറാണ് ജീവനൊടുക്കിയത്.
കഴിഞ്ഞദിവസമാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.
വിഷംകഴിച്ച് അബോധാവസ്ഥയിലായ പവൻകുമാറിനെ ഭാര്യയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ മരിച്ചു. അതോടെയാണ് ഭാര്യമാരെന്ന് അവകാശപ്പെട്ട് കൂടുതൽ സ്ത്രീകൾ എത്തിയത്. താനാണ് പവൻകുമാറിന്റെ യഥാർത്ഥ ഭാര്യയെന്നും മൃതദേഹം വിട്ടുകിട്ടണമെന്നുമാണ് എല്ലാവരുടെയും ആവശ്യം. ഇതോടെ എന്തുചെയ്യമെന്ന് അറിയാത്ത അവസ്ഥയിലായി പൊലീസ്.
സ്വത്ത്മോഹിച്ചാണ് സ്ത്രീകൾ എത്തിയതെന്നാണ് ആദ്യം കരുതിയത്. എന്നാൽ പവൻകുമാറിനെ സാമ്പത്തിക പ്രശ്നങ്ങൾ നന്നായി അലട്ടിയിരുന്നുവെന്നും വിലപിടിപ്പുള്ള ഒന്നും അയാളുടെ പേരിലില്ല എന്നും അന്വേഷണത്തിൽ വ്യക്തമായി.ബന്ധുക്കളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തെക്കുറിച്ചും അന്വേഷിക്കും.