തിരുവനന്തപുരം : ലോകത്തിന് പൂർണമായി മനസിലാക്കാൻ കഴിയാത്ത അദ്ഭുതപുരുഷനാണ് മഹാത്മാ ഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്‌മൃതിയാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും വലിയ ഏകോപന നായകനാണ് ഗാന്ധിജി. ലോകത്തെ സംഘർഷങ്ങൾ കുറയ്‌ക്കാൻ ഗാന്ധിദർശനത്തിനേ കഴിയൂ.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാൻ അഹിംസാ മാർഗമാണ് അദ്ദേഹം സ്വീകരിച്ചത്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വർഗത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുന്ന ബ്രിട്ടീഷുകാരുടെ തന്ത്രം അഹിംസാ സമരത്തിലൂടെയാണ് ഗാന്ധിജി പരാജയപ്പെടുത്തിയത്. സമുദായ സൗഹാർദ്ദമായിരുന്നു അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അതേ നയമാണ് ഇപ്പോഴത്തെ കേന്ദ്രഭരണാധികാരികളും തുടരുന്നത്. അടിച്ചമർത്തി ഒന്നാക്കാനാണ് അവരുടെ ശ്രമം. അടിച്ചേല്പിക്കുന്ന ഏകത്വം രാജ്യത്തിന്റെ ശിഥിലീകരണത്തിനിടയാക്കും. രാജ്യത്തിന്റെ സൗഹാർദ്ദം കാത്തുസൂക്ഷിക്കണം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവണം. അങ്ങനെ വന്നാൽ പാകിസ്ഥാനെന്നല്ല ഒരു ശക്തിക്കും ഇന്ത്യയെ തകർക്കാനാവില്ല. അതിന് ഗാന്ധിദർശനവും ആദർശവും നടപ്പാക്കാൻ അവസാനം വരെ പോരാടുമെന്ന് നാം പ്രതിജ്ഞയെടുക്കണമെന്നും ആന്റണി പറഞ്ഞു.
കിഴക്കേകോട്ട ഗാന്ധിപാർക്കിലെ ഗാന്ധി പ്രതിമയിൽ ആന്റണി പുഷ്പാർച്ചന നടത്തി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ പങ്കെടുത്തു.