ബോളിവുഡിലെ പല നടിമാരും കോസ്‌മെറ്റിക് സർജറിയുടെയും സ്കിൻ വൈറ്റ്നിംഗ് സർജറിയുടെയുമൊക്കെ പേരിൽ പഴി കേൾക്കുന്നവരാണ്. അവരിൽ മുൻനിരയിലായിരുന്നു അന്തരിച്ച താരം ശ്രീദേവിയുടെയും നടി കൊയ്ന മിത്രയുടെയുമൊക്കെ പേര്. അവസാനം വരെ തന്റെ സൗന്ദര്യ ശസ്ത്രക്രിയാ വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട് ശ്രീദേവി. ഇപ്പോഴിതാ കൊയ്നാ മിത്രയും അത്തരം വാർത്തകൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.
വർഷങ്ങൾക്കു മുൻപാണ് കൊയ്ന, മൂക്കിന് ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ടത്. അന്ന് ഏറെ പഴികേൾക്കേണ്ടി വന്ന താരത്തിന് സർജറി കാരണം അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തനിക്കു മുൻപുംശേഷവും നിരവധി താരങ്ങൾ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും തന്നെപ്പോലെ പഴികേട്ടവർ ആരുമുണ്ടാകില്ലെന്നാണ് കൊയ്ന അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
'എന്നെപ്പറ്റി എന്തൊക്കെ കഥകളാണ് പടച്ചുവിട്ടത്. അതൊക്കെ എന്റെ ജീവിതത്തിലും കരിയറിലും എത്രത്തോളം കരിനിഴൽ വീഴ്ത്തുമെന്ന് ഒരാൾപോലും ചിന്തിച്ചിട്ടില്ല. സൗന്ദര്യ ശസ്ത്രക്രിയ നടത്തുന്നത് പാപമോ കുറ്റമോ അല്ല. ശസ്ത്രക്രിയ ചെയ്യുന്നവരാരും പരസ്യമായി സമ്മതിക്കില്ല. അല്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ നടിമാരെ മാത്രം തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്താൻ പലർക്കും വലിയ ഉത്സാഹമാണ്. 50 വയസു കഴിഞ്ഞ നടന്റെ മുഖത്തോ കഴുത്തിലോ ചുളിവുകളില്ലെങ്കിൽ അയാളും അത്തരം ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്ന് പറയാൻ കഴിയുമോ? അവരെയൊന്നും ആരും ചോദ്യം ചെയ്യാത്തത് എന്താണ്? നമുക്കു മുന്നിൽതന്നെ അങ്ങനെ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന എത്രയോ താരങ്ങളുണ്ട്' കൊയ്ന പറയുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനുള്ള ഒരുക്കത്തിലാണ് കൊയ്ന മിത്ര.