ഉദ്യോഗസ്ഥന്മാരെ നിലയ്ക്കുനിറുത്താനും അനുസരിപ്പിക്കാനും ഉത്തരവുകൾ യഥാകാലം നടപ്പാക്കാനും മന്ത്രിമാർക്ക് ചിലപ്പോൾ കൂടുതൽ കാർക്കശ്യം കാട്ടേണ്ടിവരും. ദേശീയപാത അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥന്മാർക്ക് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം അതാണ്. കേരളത്തിലെ ദേശീയപാത വികസന വിഷയത്തിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവവും വീഴ്ചയും ഗഡ്‌കരിയെ ചൊടിപ്പിച്ചത് സ്വാഭാവികം. ഇതേ വിഷയവുമായി വീണ്ടും വീണ്ടും തന്നെ കാണേണ്ടിവന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥന്മാരോടു പൊട്ടിത്തെറിച്ചത്. പാത വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ ചെലവാകുന്ന 21000 കോടി രൂപയുടെ നാലിലൊന്ന് വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടു മാസങ്ങളായി. എന്നാൽ തുടർ നടപടികളൊന്നും ഇതുവരെ എടുക്കാത്തതു കാരണം പാത വികസനം പണ്ടേപ്പോലെ നിശ്ചലമായി നിൽക്കുകയാണ്. ഈ ദുരവസ്ഥയ്ക്കു പരിഹാരം തേടിയാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടത്. സ്ഥലവിലയുടെ നാലിലൊന്നു നൽകാനുള്ള സന്നദ്ധത കേരളം എഴുതി അറിയിച്ചതിനു പിന്നാലെ ദേശീയപാത അതോറിട്ടി തുടർനടപടിക്കുള്ള ഉത്തരവ് ഇറക്കേണ്ടതായിരുന്നു. ഇതിനായി മുഖ്യമന്ത്രി നാലുതവണയാണ് കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്. ഇങ്ങനെ സംഭവിച്ചത് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുണ്ടായ കൃത്യവിലോപം കാരണമാണെന്നു വളരെ വ്യക്തം. ഒരു മുഖ്യമന്ത്രിയെ ഇത്തരത്തിൽ നടത്തിക്കേണ്ടിവന്നതിലെ നാണക്കേട് മന്ത്രിയായ തനിക്കാണെന്ന കാര്യം മറക്കരുതെന്നാണ് ഗഡ്‌കരി ഉദ്യോഗസ്ഥരോടു പറഞ്ഞത്. പഴയൊരു നക്സലൈറ്റായ തന്നെ അധികം പരീക്ഷിക്കരുതെന്നുകൂടി അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. ഏതായാലും ഗഡ്‌കരിയുടെ ശാസനയ്ക്ക് തൽക്ഷണം ഫലവുമുണ്ടായി. ഫയലുകളിൽ ഉടനുടൻ തീരുമാനവും അനുമതിയും ഉണ്ടായി. ദേശീയ പാത വികസനത്തിന് കേന്ദ്രത്തിന്റെ അനുമതി തിങ്കളാഴ്ച രാത്രി തന്നെ ലഭിച്ചു. അടുത്ത ഒൻപതിന് കരാർ ഒപ്പിടും. ഇതോടൊപ്പം നിലവിലുള്ള ദേശീയ പാതയുടെ അറ്റകുറ്റപ്പണികൾക്കായി 175 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ബൈപാസ് നിർമ്മാണത്തിനുള്ള കരാറുകാരെ നിശ്ചയിക്കാനുള്ള അനുമതിയും കൂട്ടത്തിൽ ലഭിച്ചു. ഡിസംബറിൽ ഇതിന്റെ പണി തുടങ്ങും. നിർമ്മാണ ഉദ്ഘാടനച്ചടങ്ങിന് സംബന്ധിക്കാമെന്നും മന്ത്രി ഗഡ്‌കരി ഉറപ്പു നൽകിയിട്ടുണ്ട്.
അതുപോലെ പണി നിറുത്തിവച്ചിരിക്കുന്ന കുതിരാൻ തുരങ്കം ഉടനടി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പാത നിർമ്മാണ ജോലികൾക്കു പിന്നിലെ അഴിമതി കുപ്രസിദ്ധമാണ്. മന്ത്രി ഗഡ്‌കരി തന്നെ അക്കാര്യം ഉദ്യോഗസ്ഥരോട് മറച്ചുവച്ചുമില്ല. അഴിമതിക്കുള്ള വഴികൾ തേടിയാണ് പല വികസന പദ്ധതികൾക്കും ഉദ്യോഗസ്ഥർ മനഃപൂർവം തടസങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലാണ് മന്ത്രിമാർ തങ്ങളുടെ അധികാരവും കാർക്കശ്യവും പുറത്തെടുക്കേണ്ടത്. അഴിമതിയിൽ താത്പര്യമില്ലാത്ത മന്ത്രിമാർക്ക് ഉദ്യോഗസ്ഥന്മാരെ അനായാസം വരുതിയിൽ നിറുത്താനാകും. നേരെ മറിച്ച് ഉദ്യോഗസ്ഥർക്കൊപ്പം അഴിമതിയുടെ പങ്കു പറ്റുന്നവരാണ് മന്ത്രിമാരെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് നാടും നാട്ടുകാരുമാണ്. പാലാരിവട്ടം മേൽപ്പാലത്തിനു സംഭവിച്ചത് തൊട്ടുമുന്നിൽത്തന്നെയുണ്ട്. മരാമത്തു പണികൾ അഴിമതിയുടെ അക്ഷയ ഖനിയായി കാണുന്ന അനേകം പേരുണ്ട്. കരാർ തുകയുടെ പകുതിയും പലരുടെയും പോക്കറ്റുകളിലാണ് ചെന്നുവീഴാറുള്ളതെന്നു സാക്ഷ്യപ്പെടുത്തുന്നത് കരാറുകാർ തന്നെയാണ്.
നാടിന്റെ വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നു വിവേകമതികൾ പറയാറുണ്ട്. രാജ്യത്ത് എല്ലായിടത്തും നവീന റോഡുകൾക്കുവേണ്ടി കേന്ദ്രം വൻ മുതൽമുടക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ കേരളം മാത്രമാണ് ഇപ്പോഴും ഏറെ പിന്നിൽ നിൽക്കുന്നത്. പാത വികസനത്തിനാവശ്യമായ സ്ഥലമെടുപ്പിൽ രാഷ്ട്രീയം കലർന്നതാണ് ദേശീയ പാത നാലുവരിയായി വികസിപ്പിക്കാൻ പ്രതിബന്ധങ്ങൾ തീർത്തത്. അനേക വർഷങ്ങൾ ഇതുകാരണം നഷ്ടമായി. പാത വികസനത്തിനുള്ള ചെലവും ഭീമമായി കുതിച്ചുയരാൻ പോവുകയാണ്. രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചു നിന്നിരുന്നെങ്കിൽ പാത വികസനം എന്നേ പൂർത്തിയാക്കാൻ കഴിയുമായിരുന്നു. ഏതായാലും അവസാന പ്രതിബന്ധവും നീങ്ങി പാത വികസനത്തിനായുള്ള നടപടികൾക്ക് പച്ചക്കൊടിയായതിൽ സന്തോഷിക്കാം.
ദേശീയപാത വികസനത്തിലെ തടസങ്ങൾ പരിഹരിക്കപ്പെട്ടതുപോലെ ബന്ദിപ്പൂർ വഴിയുള്ള യാത്രാനിരോധനം മൂലം വയനാട്ടുകാർ അനുഭവിച്ചുവരുന്ന ദുരിതത്തിന് കൂടി പരിഹാരമുണ്ടാക്കാൻ കേന്ദ്രം നടപടിയെടുക്കേണ്ടതാണ്. ഇപ്പോൾ രാത്രിയിൽ മാത്രമാണ് യാത്രാവിലക്കെങ്കിലും അതു പകൽ സമയത്തേക്കുകൂടി ബാധകമാക്കാൻ ആലോചിക്കുകയാണത്രെ. വനം - പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണിത്. യാത്രാവിലക്കിനെതിരെ യുവജനങ്ങൾ അവിടെ ഉപവാസ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ജില്ലയിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പങ്കെടുത്ത കൂറ്റൻ പ്രതിഷേധ റാലി അധികാരികളുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാകേണ്ടതാണ്. അത്രയേറെ കടുത്ത പ്രതിഷേധ പ്രകടനമായിരുന്നു അത്. ബദൽ പാത ഒരുക്കിയോ ആകാശപ്പാത നിർമ്മിച്ചോ യാത്രാസൗകര്യം ഒരുക്കണമെന്ന നാട്ടുകാരുടെ ന്യായമായ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കേണ്ട കാര്യമില്ല. കാട്ടിലെ വന്യജീവികളുടെ അവകാശം സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് നാട്ടിലുള്ള മനുഷ്യരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതും.