തിരുവനന്തപുരം: ഫ്ളക്‌സ് നിരോധനത്തിനെതിരെ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ (എസ്.പി.ഐ.എ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന റിലേ സത്യാഗ്രഹം നാലാം ദിവസത്തിലേക്ക്. കണ്ണൂരിൽ നിന്നുള്ള സംഘടനാ നേതാക്കളാണ് ഇന്നലെ സമരത്തിന് നേതൃത്വം നൽകിയത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡ‌ന്റ് ആനത്തലവട്ടം ആനന്ദൻ,​ കെ.എസ്. ശബരീനാഥൻ എം.എൽ.എ,​ ഗായകൻ പന്തളം ബാലൻ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. ഫ്ളക്‌സ് നിരോധനം പിൻവലിക്കുക, ഫ്ളക്‌സ് പ്രിന്റിംഗ് പരസ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക, പ്രിന്റിംഗ് സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നു രക്ഷിക്കുക, സുതാര്യമായ ഔട്ട്ഡോർ പരസ്യനയം പ്രഖ്യാപിക്കുക, ഫ്ളക്‌സ് റീസൈക്ലിംഗ് പ്ലാന്റിന് ആവശ്യമായ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. ഔസേപ്പച്ചൻ,​ വൈസ് പ്രസി‌ഡന്റ് പ്രസാദ്,​ ജനറൽ സെക്രട്ടറി വിജയരാജ്,​ കണ്ണൂർ ജില്ലാപ്രസിഡന്റ് രാജീവൻ,​ സമരസമിതി ജനറൽ കൺവീനർ കരമന രാജീവ്,​ മുഖ്യരക്ഷാധികാരി ചന്ദ്രമോഹൻ .സി, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ആറ്റുകാൽ ഹരി,​ സാബു ലക്ഷ്‌മണൻ, ചന്ദ്രശേഖരപിള്ള എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. 16ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തോടെ റിലേ സത്യാഗ്രഹം സമാപിക്കും.