തിരുവനന്തപുരം: ഗാന്ധിയൻ ആശയങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള ഗാന്ധി സ്‌മാരക നിധിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്‌പര സ്‌നേഹവും സഹവർത്തിത്വവുമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് അർഹമാക്കിയത്. ഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധിഭവൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

കേരളാ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പി. ഗോപിനാഥൻ നായർ, കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ, കേരള ഗാന്ധി സ്മാരക നിധി ഗാന്ധിദർശൻ ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ എന്നിവർ സംസാരിച്ചു. ഗാന്ധി സ്‌മാരകനിധിയും ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധിയൻ സംഘടനകളും ചേർന്ന് ഗാന്ധിജിയുടെ അക്രമരഹിത സന്ദേശങ്ങൾ ഒരുകോടി കുടുംബങ്ങളിലേക്കെത്തിക്കുന്ന പരിപാടിയും ഗവർണർ ഉദ്ഘാടനം ചെയ്തു.