elction

തിരുവനന്തപുരം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിലെന്നപോലെ ശബരിമല വിഷയം യു.ഡി.എഫും ബി.ജെ.പിയും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാക്കാൻ ശ്രമിക്കുമ്പോൾ അതിൽ പിടികൊടുക്കാതെ തന്ത്രപൂർവം വഴുതിമാറുകയാണ് ഇടതുമുന്നണി. പാലായിലും ഇതേ തന്ത്രമാണ് മുന്നണി പയറ്റിയത്. അതേരീതിയിൽ മറ്റ് വിഷയങ്ങൾക്ക് ഊന്നൽകൊടുത്ത് പ്രചാരണം ആ വഴിക്ക് തിരിക്കാനാണ് ഇടതുമുന്നണിയുടെശ്രമം. പാലായിൽ നടത്തിയ പരീക്ഷണത്തിലൂടെ അഞ്ച് മണ്ഡലങ്ങളിലും വിജയിച്ചുകയറാമെന്ന തന്ത്രമാണ് ഇടതിന്റെ അണിയറയിൽ തയാറാകുന്നത്.

എതിരാളികൾ ശബരിമല വിഷയം സജീവമാക്കാൻ നോക്കിയാലും ആ ചൂണ്ടയിൽ കൊത്തേണ്ടെന്നാണ് സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടേയും തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ശബരിമല വിഷയം കത്തിജ്വലിച്ചതുകൊണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്തതിനാലാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്രിതന്നെ വിലയിരുത്തിയിരുന്നു. ഇതേതുടർന്നാണ് പരിഹാര നടപടികളുമായി സി.പി.എം ഗൃഹ സമ്പർക്കത്തിനിറങ്ങിയത്. ശബരിമല വിഷയത്തിൽ മുന്നണി നിലപാട് ഗൃഹസമ്പർക്കത്തിലൂടെ സി.പി.എം വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കോടതി വിധി മറിച്ചായാൽ അതും നടപ്പിലാക്കുമെന്നുമാണ് പാർട്ടിയും മുന്നണിയും പറയുന്നത്. മാത്രമല്ല, ഉപതിര‌ഞ്ഞെടുപ്പുകളിൽ ശബരിമല വിഷയം പ്രധാന ചർച്ചയായി ഉയർന്നുവരില്ലെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രധാന പ്രചാരണ വിഷയമാക്കി വോട്ട് തേടുക എന്ന തന്ത്രമാണ് ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സ്വീകരിക്കുക. ദേശീയ പാതാ വികസനത്തിലുൾപ്പെടെ സർക്കാരിന്റെ കാര്യമായ ഇടപെടലും ഉയർത്തിക്കാട്ടും. അതിനൊപ്പം പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെയുള്ള വിഷയം ഉയർത്തി യു.ഡി.എഫിന് തിരിച്ചടി നൽകുക എന്ന തന്ത്രവും സ്വീകരിക്കും. പാലാരിവട്ടം വിഷയത്തിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ് കരങ്ങൾ നീണ്ടാൽ അതും ഇടതുമുന്നണി തിരഞ്ഞെടുപ്പ് ആയുധമാക്കും.

പാലായിലെ വിജയം മറ്ര് മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതയെ വർദ്ധിപ്പിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ യു.ഡ‌ി.എഫ് അനുകൂല തരംഗം ഇപ്പോഴില്ലെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. അതിനാൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചില യു.‌ഡി.എഫ് സീറ്രുകളിൽ കൂടി ജയിച്ചുകയറാം എന്നതാണ് ഇടത് വിശ്വാസം. സ്ഥാനാർത്ഥി നിർണയം തീരെ പ്രശ്നങ്ങളില്ലാതെ നടത്തിയതും യു.ഡ‌ി.എഫിലും ബി.ജെ.പിയിലും അതുണ്ടായതും തങ്ങൾക്ക് ഗുണകരമാവുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. രംഗത്തിറക്കിയ സ്ഥാനാർത്ഥികളെല്ലാം യുവാക്കളാണെന്നതും അനുകൂല ഘടകമായി വിലയിരുത്തുന്നു. പത്തനംതിട്ടയിൽ മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ ചില അപസ്വരങ്ങൾ ഉയർന്നത്. എന്നാൽ, അത് വലിയ വിഷയമാകാതെ ഒഴിവാക്കാനും സി.പി.എമ്മിന് കഴിഞ്ഞു. കോന്നി, എറണാകുളം മണ്ഡലങ്ങളിൽ മികച്ച പ്രതീക്ഷ പാർട്ടി വച്ചുപുലർത്തുന്നുണ്ട്. മേയറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വി.കെ. പ്രശാന്തിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയതും വിജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ്.

മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയിലാണ് പാർട്ടി. അരൂരിൽ അട്ടിമറിയൊന്നും നടക്കില്ലെന്നും സീറ്ര് നിലനിറുത്താനാവുമെന്നുതന്നെയാണ് ആത്മവിശ്വാസം.

മഞ്ചേശ്വരത്ത് കേന്ദ്ര കമ്മിറ്രി അംഗം പി.കെ. ശ്രീമതി, മന്ത്രി ഇ.പി ജയരാജൻ എന്നിവർക്കാണ് തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. എറണാകുളത്ത് പി.രാജീവ്, മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ അരൂരിൽ എം.വി.ഗോവിന്ദൻ, മന്ത്രി തോമസ് ഐസക്ക്, കോന്നിയിൽ കെ.ജെ.തോമസ്, മന്ത്രി എം.എം മണി, വട്ടിയൂർക്കാവിൽ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, ആനത്തലവട്ടം ആനന്ദൻ എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്.