തിരുവനന്തപുരം: മൂന്ന് മുന്നണികളുടെയും പ്രമുഖർ കളത്തിലിറങ്ങിയതോടെ അഞ്ച് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂട് കനത്തു. പ്രചാരണത്തിന് അധികനാളുകളില്ലെന്നതിനാൽ തുടക്കത്തിലേ സർവ ആയുധങ്ങളുമെടുത്ത് പോരാടാൻ മുന്നണികൾ ശ്രമമാരംഭിച്ചപ്പോൾ ഗോദയിൽ ആദ്യ അജൻഡയായി 'വോട്ടുകച്ചവട ആരോപണം' സ്ഥാനം പിടിച്ചു. പാലായിലേറ്റ തിരിച്ചടിയുടെ ആഘാതത്തിൽ നിൽക്കുന്ന യു.ഡി.എഫ് കേന്ദ്രത്തിൽ നിന്നാണ് ആദ്യവെടി. വട്ടിയൂർക്കാവ് മണ്ഡലം കൺവെൻഷൻ യോഗത്തിൽ കെ. മുരളീധരൻ എം.പി, സി.പി.എം- ബി.ജെ.പി വോട്ടുകച്ചവടമെന്ന ആരോപണമുയർത്തി . പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആക്ഷേപം കനപ്പിച്ചു. പാലായിൽ ബി.ജെ.പി വോട്ടുകുറഞ്ഞത് ഇടത് വിജയത്തെ സഹായിച്ചെന്നാണ് വാദം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതും അതിനുദാഹരണമായാണ് കോൺഗ്രസ് പ്രചാരണം. എന്നാൽ, പാലായിൽ ബി.ജെ.പി വോട്ട് മറിച്ചത് യു.ഡി.എഫിനാണെന്നാണ് ഇടതുക്യാമ്പുകൾ വാദിക്കുന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ പരസ്യ ആരോപണം ഇതിന് തെളിവായി അവർ ഉയർത്തിക്കാട്ടുന്നു.
വോട്ടുകച്ചവട ആരോപണമുയർത്തിയുള്ള കോൺഗ്രസ് വാദത്തെ പുച്ഛിച്ചുതള്ളിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. നാല് വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് പ്രതികരിച്ചുകൊണ്ട് മുല്ലപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. തെളിവുകൾ നിരത്താനാണ് ആവശ്യപ്പെട്ടത്. നേരത്തേ നടത്തിയ വോട്ടുകച്ചവടത്തിന്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസ് സി.പി.എമ്മിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
വോട്ടുകച്ചവട ആരോപണം ഇരുകൂട്ടരും ന്യൂനപക്ഷ വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടാണ് നടത്തുന്നത്. അതേസമയം ആരോപണങ്ങളിലൂടെ ബി.ജെ.പിയെ തകർക്കാനാണ് ഇരുമുന്നണികളുടെയും ശ്രമമെന്ന് ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തുന്നു. പരാജയഭീതി കൊണ്ടാണ് യു.ഡി.എഫ് ആരോപണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വിമർശിച്ചു.
വരും ദിവസങ്ങളിൽ കിഫ്ബിയും പ്രളയവും ശബരിമല വിധിയുമൊക്കെയായി യു.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കും. എന്നാൽ പാലായിലെന്ന പോലെ ശബരിമലയിൽ തൊടാതെയും പാലാരിവട്ടം പോലുള്ള അഴിമതിയാരോപണങ്ങൾ ശക്തമാക്കിയും സംസ്ഥാന ഭരണനേട്ടങ്ങൾ വിവരിച്ചും കാര്യങ്ങൾ വരുതിയിലാക്കുകയാണ് ഇടത് ലക്ഷ്യം. ബി.ഡി.ജെ.എസ് അകൽച്ച പാലിച്ച് നിൽക്കുന്നത് ബി.ജെ.പി ക്യാമ്പുകളിൽ അലോസരമുണ്ടാക്കിയിട്ടുണ്ട്. കോന്നിയിൽ പക്ഷേ കെ. സുരേന്ദ്രന്റെ വരവ് ബി.ജെ.പി ക്യാമ്പുകളിൽ ഉണർവേകി.