തിരുവനന്തപുരം:ശബരിമലയുമായി ബന്ധപ്പെടുത്തുന്ന ആറു ജില്ലകളിലെ റോഡുകളുടെ
അറ്റകുറ്റപ്പണികൾ മണ്ഡലകാലത്തിന് മുമ്പ് പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. 225 കോടിയാണ് ടാറിംഗ് , കലുങ്ക് നിർമ്മാണം ഉൾപ്പെടെ അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടുള്ളത്.പത്തനംതിട്ട, ഇടുക്കി,കോട്ടയം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ചില പ്രവൃത്തികൾ ടെണ്ടർ ചെയ്തിട്ടില്ല. തടസമൊഴിവാക്കാൻ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും.പത്തനംതിട്ടയിലും തിരുവനന്തപുരത്തും കോട്ടയത്തും എല്ലാ പ്രവൃത്തികളും ടെണ്ടറായി. നവംബർ 15 ന് മുമ്പ് ജോലികൾ തീർക്കാനാണ് നിർദ്ദേശം. .മഴ വീണ്ടും വില്ലനായില്ലെങ്കിൽ നിശ്ചിത സമയത്ത് റോഡുകൾ ഗതാഗത യോഗ്യമാവും. ഇടുക്കിയിലാണ് കൂടുതൽ തുക അനുവദിച്ചിട്ടുള്ളത്-66 കോടി.പത്തനംതിട്ട- 48.64 കോടി.. ആലപ്പുഴ-37 കോടി,തിരുവനന്തപുരം- 28കോടി, എറണാകുളം -11.50 കോടി . മൂവാറ്റുപുഴ ഡിവിഷനിൽ ഒമ്പത് കോടിയുടെ പ്രവൃത്തി ടെണ്ടർ ചെയ്തെങ്കിലും പെരുമാറ്റച്ചട്ടം കാരണം ടെണ്ടർ തുറന്നില്ല.ആലപ്പുഴയിൽ ഏഴു പ്രവൃത്തികളിൽ മൂന്നെണ്ണം കൂടി ടെണ്ടർ ചെയ്യണം.
കരാറുകാർക്ക് വിമുഖത
ശബരിമല സീസണുമായി ബന്ധപ്പെട്ട കാരാറെടുക്കാൻ പല കരാറുകാരും വിമുഖത കാട്ടുന്നു.നവംബർ 15 ന് മുമ്പ് തീർക്കേണ്ട പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ വൈകിയെന്നാണ് അവരുടെ ആക്ഷേപം. മെറ്റലിന് കടുത്ത ക്ഷാമമുണ്ട്. ടാർ നേരിട്ട് വാങ്ങണം.പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്കും മാർക്കറ്ര് നിരക്കും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇതുമൂലം ജോലികൾ വേണ്ടത്ര പ്രയോജനകരമല്ല.ചെയ്യുന്ന ജോലകളുടെ ബിൽ എഴുതാൻ അനാവശ്യ കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്.'ശബരിമല സീസൺ തുടങ്ങും മുമ്പ് എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കും.തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചില പ്രവൃത്തകളുടെ ടെണ്ടറിനെ ബാധിച്ചു. തടസം നീക്കാനുള്ള നടപടികൾ ചീഫ് എൻജിനിയർ സ്വീകരിച്ചിട്ടുണ്ട്..
-മന്ത്രി ജി.സുധാകരൻ