ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ ടെക്നോളജി ഡെവലപ്മെന്റ് സെന്റർ
ആറ്റിങ്ങൽ: അധികൃതരുടെ അവഗണനയിൽ കാടുകയറി നശിച്ച ആറ്റിങ്ങൽ സ്റ്രീൽ ഫാക്ടറിക്ക് ഒടുവിൽ ശാപമോക്ഷമായി. എറെ നാളത്തെ പ്രഖ്യാപനങ്ങൾക്കൊടുവിൽ സ്റ്റീൽ ഫാക്ടറി വളപ്പിൽ ടെക്നോളജി ഡെവലപ്മെന്റ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഇന്നലെ ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. സ്റ്റീൽ ഫാക്ടറിയുടെ ദയനീയ അവസ്ഥയെക്കുറിച്ച് കേരളകൗമുദി തുടർച്ചയായി നൽകിയ വാർത്തയാണ് ഫലംകണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട അഡ്വ.ബി. സത്യൻ എം.എൽ.എ ഫാക്ടറി തുറക്കാൻ സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇയ്‌ക്ക് നിയന്ത്രണമുള്ള പി.പി.ഡി.സി അധീനതയിലാണ് ആറ്റിങ്ങൽ സ്റ്രീൽ ഫാക്ടറി. മന്ത്രി ഇ.പി. ജയരാജൻ ഇടപെട്ടതോടെയാണ് സ്റ്റീൽ ഫാക്ടറി തുറക്കുന്നതുസംബന്ധിച്ച് രണ്ട് സ്ഥാപനങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. സംസ്ഥാന സർക്കാർ ഹൈ ലെവൽ മീറ്റിംഗ് തിരുവനന്തപുരത്ത് നടത്തുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി എം.എസ്.എം.ഇയുടെ പി.പി.ഡി.സി പ്രിൻസിപ്പൽ ഡയറക്ടർ പനീർസെൽവം ആഗസ്റ്റിൽ ആറ്റിങ്ങലിൽ നേരിട്ടെത്തി പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിയിരുന്നു. സ്റ്റീൽ ഫാക്ടറിയുടെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യവസായ വകുപ്പ് ഡയറക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് എം.എസ്.എം.ഇ അധികൃതർ ടൂൾ റൂം സ്ഥാപിക്കാൻ തീരൂമാനിച്ചത്. സ്റ്റീൽ ഫാക്ടറിയിൽ ടെക്നോളജി ഡവലപ്പ്മെന്റ് സെന്റർ, എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ എന്നിവ ആരംഭിക്കാൻ ഉറപ്പുലഭിച്ചതോടെ എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കെട്ടിടങ്ങൾ ചായം തേച്ച് ഉദ്ഘാടനത്തിന് ഒരുക്കുകയായിരുന്നു.
ഇവിടെ ആരംഭിക്കുന്നത്
-----------------------------------------------------------
വ്യവസായ സംരംഭകർക്ക് വിദഗ്ദ്ധ പരിശീലനം
സോളാർ പാനൽ യൂണിറ്റ് അസംബ്ലിംഗ്
വ്യാവസായ സ്‌കിൽ വികസിപ്പിക്കൽ
ഐ.ടി വിഭാഗത്തിൽ വിദഗ്ദ്ധ പരിശീലനം
ഫുഡ് പ്രോസസിംഗ് പരിശീലനം
സൂക്ഷ്‌മ ഉപകരണ നിർമ്മാണ പഠനം
റബ്ബർ അധിഷ്ഠിത വ്യവസായ ട്രെയിനിംഗ്
ഇലക്ടോണിക്‌സ് വാഹനങ്ങളുടെ വികസനം
പിന്നാക്ക വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലം
പദ്ധതിത്തുക - 20 കോടി
1963 - പ്രവർത്തനം ആരംഭിച്ചു
1973- ഉത്പാദനം കുറഞ്ഞു
1994- ഫാക്ടറി അടച്ചുപൂട്ടി
തുടക്കത്തിലെ മികവ് നിലനിറുത്താൻ കഴിഞ്ഞില്ല
-----------------------------------------------------------------------------
മികച്ച തുടക്കമാണ് ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിക്ക് ലഭിച്ചത്. സോവിയറ്റ് യൂണിയൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌ത സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ, ജയിൽ പാത്രങ്ങൾ, തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനു വേണ്ടിയുള്ള പാർട്‌സുകൾ എന്നിവ ഇവിടെ നിർമ്മിച്ചിരുന്നു. ഫാക്ടറിയുടെ ഉത്പന്നങ്ങൾ വിപണിയിൽ ശ്രദ്ധയാകർഷിച്ചതോടെ ചില കമ്പനികൾ തകർച്ചയിലായി. ഇവരുടെ നേതൃത്വത്തിൽ കമ്പനിയെ തകർക്കുകയായിരുന്നെന്നാണ് ആരോപണം. പ്രവർത്തനം കുറഞ്ഞതോടെ ഉദ്യോഗസ്ഥരെ മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റുകയായിരുന്നു
പ്രതികരണം
---------------------------------
കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഒാഫ് മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (എം.എസ്.എം.ഇ) സംസ്ഥാന വ്യവസായ വകുപ്പ് സമർപ്പിച്ച രൂപരേഖ എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ഉദ്ഘാടനം നടന്നെങ്കിലും പദ്ധതികൾ നടപ്പിൽ വരാൻ അല്പം കാലതാമസം ഉണ്ടാകും -
ബി. സത്യൻ എം.എൽ.എ