തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ദിനത്തിൽ തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മാനവരാശിക്ക് വിപത്താകുന്ന പ്ലാസ്റ്റിക് നിർമാർജനം ചെയ്യേണ്ടതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതിനായി നടത്തിയ കൂട്ടയോട്ടം സ്കൂൾ ചെയർമാൻ അഡ്വ. കെ. വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വർഗീയതയുടെയും തീവ്രവാദത്തിന്റെയും പേരിൽ നമ്മുടെ രാജ്യത്ത് അനുദിനം ഉണ്ടാകുന്ന പ്രശ്നങ്ങളും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വസ്തുക്കളും ഇല്ലായ്മ ചെയ്യേണ്ടതാണെന്ന് അഡ്വ. കെ. വിജയൻ പറഞ്ഞു. തോന്നയ്ക്കൽ പതിനാറാം കല്ല് ജംഗ്ഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം മംഗലാപുരം ജംഗ്ഷനിൽ സമാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയലക്ഷ്മി, വൈസ് പ്രിൻസിപ്പൽ മിനി ടി.പി, കായികാദ്ധ്യാപകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.