തിരുവനന്തപുരം: ഡോക്ടർമാരെയും ആശുപത്രികളെയും സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ആശുപത്രി സംരക്ഷണത്തിനായുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ഇച്ഛാശക്തി ആവശ്യമാണെന്നും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങൾക്കു നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ, കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ, സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച ഉപവാസത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമ പരിഷ്‌കാര കമ്മിഷൻ വൈസ് ചെയർമാനും മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറുമായ കെ. ശശിധരൻ നായർ ഉപവാസം ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥാപനങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, ആശുപത്രി ആക്രമണം നടത്തുന്നവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ, ചെറുന്നിയൂർ പി. ശശിധരൻ നായർ, കെ.ജി.എം.സി.ടി.എ നേതാവ് ഡോ. ബിനോയ് .എസ്, കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ, ജില്ലാപ്രസിഡന്റ് ഡോ. ഡി. ശ്രീകാന്ത്, ഡോ. ജയറാം, ഡോ. മോഹനൻ നായർ,​ ഡോ. കേശവനുണ്ണി, ഡോ. ഒ.എസ്. ശ്യാംസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.