ആറ്റിങ്ങൽ: രാഷ്ട്രം നേടിയെടുത്ത എല്ലാ മൂല്യങ്ങളും അട്ടിമറിക്കപ്പെടുകയാണന്നും രാഷ്ട്ര പിതാവിനെ വെടിവെച്ച് കൊന്നവർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം നയങ്ങളേ പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും ഇതിനെതിരെ ശക്തമായ പ്രതികരണം ആവശ്യമാണന്നും മന്ത്റി കെ. രാജു പറഞ്ഞു.
ബി.കെ.എം.യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷകത്തൊഴിലാളി സെമിനാർ ഉദ്ഘാടനം ചെയ്ത് ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിൽ ചർച്ചകൾ നടത്താതെയും അഭിപ്രായം കേൾക്കാതെയുമാണ് നിയമങ്ങൾ നിർമ്മിക്കുന്നതും ഭേദഗതി ചെയ്യുന്നതും. എല്ലാ തീരുമാനങ്ങളും കർഷക വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമാണ്. ഏകാധിപത്യപരമായ ഈ നയത്തിന്റെ ഫലമാണ് ഇന്ന് രാജ്യം നേരിടുന്നത്. ഇതിനെതിരായ ദേശീയ പ്രക്ഷോഭത്തിനാണ് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.കെ.എം.യു ജില്ലാ സെക്രട്ടറി മനോജ് ബി. ഇടമന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അഡ്വ. എൻ. രാജൻ, കിസാൻസഭ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, മീനാങ്കൽകുമാർ, കള്ളിക്കാട് ചന്ദ്രൻ, സി.എസ്. ജയചന്ദ്രൻ, പാപ്പനംകോട് അജയൻ തുടങ്ങിയവർ സംസാരിച്ചു.