തിരുവനന്തപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശാന്തി സമിതി സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി സംഗമ'ത്തിന്റെ ഭാഗമായി സുഗതകുമാരിയെ തേടി വിദ്യാർത്ഥികളെത്തി. ഫലവൃക്ഷത്തൈകളും പുസ്തകവും ലഡുവും നൽകി ടീച്ചർ കുട്ടികളെ സ്വീകരിച്ചു. തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരും പാരിപ്പള്ളി അമൃത സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുമാണ് ഗാന്ധിജിയെ അറിയാനായി അദ്ധ്യാപകരോടൊപ്പം എത്തിയത്.
ഗാന്ധിയൻ ചിന്തകൾ വെടിഞ്ഞ ഭരണ സംവിധാനങ്ങളാണ് നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്നതെന്നും ഗാന്ധിയൻ മാർഗത്തിൽ കൂടി മാത്രമേ ഇനി മനുഷ്യന് നല്ല ഭാവി ഉണ്ടാകുകയുള്ളൂവെന്നും സുഗതകുമാരി കുട്ടികളോട് പറഞ്ഞു. 'ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി' എന്ന സുഗതകുമാരിയുടെ കവിതയും സ്വാതന്ത്ര്യ സമര സേനാനിയും സുഗതകുമാരിയുടെ പിതാവുമായ ബോധേശ്വരന്റെ ഗാനങ്ങളും കുട്ടികൾ ആലപിച്ചു. ശാന്തി സമിതി സെക്രട്ടറി ജെ.എം. റഹിം അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്ര ബാബു, ശാന്തി സമിതി കൺവീനർ ആർ. നാരായണൻതമ്പി, തൈക്കാട് ഗവ. മോഡൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രാജി ആർ. പിള്ള, മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ എസ്. നായർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിശ്വദാസ് തുടങ്ങിയവർ പങ്കെടുത്തു.