2

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് രണ്ടാം ഘട്ട വികസനം ലക്ഷ്യമിട്ട് അധിക പൈലുകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിലെ
615 പൈലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനു മുകളിൽ ബെർത്ത് നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത ഘട്ട വികസനം ലക്ഷ്യമിട്ട് 21 പൈലുകളാണ് നിർമ്മിക്കുന്നത്. കടൽക്ഷോഭം രൂക്ഷമാണെങ്കിലും ഇതിനെ പ്രതിരോധിച്ച് ആദ്യ ഘട്ടത്തിലെ പൈലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബീമുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മറ്റ് പണികൾ നടത്തണമെങ്കിൽ പുലിമുട്ട് നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. വലിയ കല്ലുകൾ ലഭിച്ചാലുടൻ ഇത് പുനരാരംഭിക്കും. സർക്കാർ നടപടികളുടെ താമസം കാരണം പുലിമുട്ട് നിർമ്മാണ ആവശ്യത്തിന് ഇപ്പോൾ പാറ ലഭിക്കുന്നില്ല. കിളിമാനൂരിലെ നഗരൂരിൽ നിന്ന് പാറ പൊട്ടിച്ചു തുടങ്ങിയെങ്കിലും തുറമുഖ നിർമ്മാണ സ്ഥലത്ത് എത്തിത്തുടങ്ങിയില്ല. പാറക്ഷാമവും കടൽക്ഷോഭവും കാരണം തുറമുഖ നിർമ്മാണത്തിന് സമയം നീട്ടി നൽകണമെന്ന് നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 615 പൈലുകൾ

രണ്ടാം ഘട്ടത്തിൽ 21 പൈലുകൾ

കടൽ ശാന്തമാകുന്നതോടെ തുറമുഖത്തെ ശേഷിച്ച ഡ്രഡ്ജിംഗ് ജോലികൾ ആരംഭിക്കും. വൈകാതെ ജപ്പാനിൽ നിന്ന് പുതിയ ടഗ്ഗ് വിഴിഞ്ഞത്തെത്തും. ഈ മാസം പകുതിയോടെ ആദ്യ ഘട്ട ബെർത്ത് നിർമ്മാണം പൂർത്തിയാക്കാനാകും- -അധികൃതർ

തുറമുഖം ഇനി

ആദ്യഘട്ടം 615 പൈലുകൾ പൂർത്തിയായി. ഇനി ബെർത്തിനു മുകളിൽ സ്ലാബിടണം

പുലിമുട്ട് 675 മീറ്റർ പൂർത്തിയായതിൽ ഏകദേശം കടലെടുത്തു. ഇപ്പോൾ 625 മീറ്റർ മാത്രം

നാവിക -തീരസംരക്ഷണസേനാ വിഭാഗങ്ങളുടെ സജ്ജീകരണങ്ങൾ, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവ വരാനുണ്ട്.

റെയിൽവേ പണി ആരംഭിച്ചിട്ടില്ല. രൂപകല്പന റിപ്പോർട്ട് അംഗീകാരത്തിനായി സമർപ്പിച്ചു