തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളിലും നടപടി ക്രമങ്ങളിലും ഗുരുതര വീഴ്ച വരുത്തിയ സംഭവത്തിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നൽകി. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കളക്ടറുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി തീരുമാനിക്കും. ഗുരുതര വീഴ്ച കണ്ടെത്തിയാൽ കളക്ടറെ മാറ്റുന്നത് അടക്കമുള്ള നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുമെന്നാണ് സൂചന. വോട്ടർ പട്ടികയിലെ ക്രമക്കേട് അടക്കം ജില്ലാ വരണാധികാരിയായ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യതയോടെ കൈകാര്യം ചെയ്യേണ്ട പല ഫയലുകളിലും കളക്ടർ എന്ന നിലയിൽ ഗോപാലകൃഷ്ണൻ ഗുരുതരമായ അലംഭാവം വരുത്തിയതിനെത്തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കളക്ടറോടു വിശദീകരണം തേടിയത്. കളക്ടർ ഇന്നലെ മറുപടി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മീണ മഞ്ചേശ്വരത്തായതിനാൽ വിശദീകരണം പരിശോധിക്കാനായില്ല. ഇന്ന് മടങ്ങിയെത്തിയശേഷം പരിശോധിക്കും. അതേസമയം വീഴ്ചകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ടു വിശദീകരണം നൽകുമെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. തന്റെ ഭാഗത്ത് ബോധപൂർവമായ വീഴ്ചകളുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഗുരുതര ക്രമക്കേട് നടത്തുകയോ നടപടിക്രമങ്ങളിൽ അലംഭാവം വരുത്തുകയോ ചെയ്യുന്ന തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാകും. ഈ അധികാരം ഉപയോഗിച്ചാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കളക്ടറോടു വിശദീകരണം തേടിയത്.