തിരുവനന്തപുരം: രണ്ടു വർഷത്തോളമായി സസ്‌പെൻഷനിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ.ജേക്കബ് തോമസിനെ വ്യവസായ വകുപ്പിന് കീഴിലുള്ള ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചുള്ള ഉത്തരവ് ഇറങ്ങിയില്ല.
പൊലീസിൽ ഒഴിവില്ലെങ്കിൽ ഡി.ജി.പിക്ക് തുല്യമായ പദവി നൽകാനാണ് ട്രൈബ്യൂണൽ ഉത്തരവ്. വിജിലൻസ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. എ.ഡി.ജി.പി അനിൽകാന്തിനാണ് ചുമതല. ഡി..ജി..പിയുടേതിന് തുല്യമായ മറ്റ് തസ്തികകളിലും നിയമനം നൽകിയില്ല. പകരം അലോയ് സ്റ്റീലുപയോഗിച്ച് മൺവെട്ടി, പിക്കാസ്, മൺകോരി, കോടാലി, സ്റ്റീൽ മേശ, അലമാര, വേസ്റ്റ്ബിൻ, സ്റ്റീൽ കട്ടിൽ എന്നിവ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് നിയമനത്തിന് ശുപാർശ. ഇത് തിരിച്ചടിയാവുമോയെന്ന ആശങ്ക സർക്കാരിനുണ്ട്.. അപ്രധാന തസ്തികയിൽ ചുമതലയേൽക്കില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുനിയമനക്കേസിൽ താൻ പ്രതിയാക്കിയതിലൂടെ മന്ത്രിപദം ഒഴിയേണ്ടി വന്ന ഇ.പി.ജയരാജൻ മന്ത്രിയായി തിരിച്ചെത്തിയ ശേഷം അതേ വകുപ്പിൽ അപ്രധാന തസ്തികയിൽ നിയമിച്ച് പ്രതികാരം തീർക്കുകയാണെന്ന് ജേക്കബ്തോമസ് പറയുന്നു. സർക്കാർ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അദ്ദേഹം നിയമോപദേശം തേടിയിട്ടുണ്ട്.
ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് രണ്ടു മാസം മുൻപ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. പൊലീസിലെ കേഡർ തസ്തികയിൽ നിയമിക്കണമെന്ന് ജേക്കബ് തോമസ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും സർക്കാർ പരിഗണിച്ചില്ല. . ജേക്കബ് തോമസിന് നിയമനം നൽകണമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയിരുന്നു. അനുയോജ്യ തസ്തിക കണ്ടെത്താൻ ബിശ്വാസ് മേത്തയെത്തന്നെ സർക്കാർ ചുമതലപ്പെടുത്തി. ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡസ്ട്രീസിൽ ഇതുവരെ ഒരു ഐ..പി..എസ് ഉദ്യോഗസ്ഥൻ എം..ഡിയായിട്ടില്ല. രാഷ്ട്രീയ ബന്ധമുള്ളവരെ നിയമിക്കാറുള്ള തസ്തികയാണിത്.