file

തിരുവനന്തപുരം : ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിൽ ഫയൽ അദാലത്തിന് തുടക്കമായി. ഈ മാസം 31ന് മുമ്പ് 80 ശതമാനം ഫയലുകളും തീർപ്പാക്കാനാണ് തീവ്ര യജ്ഞം. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്‌ക്ക് മുൻഗണന നൽകിയാണ് തീർപ്പാക്കൽ.മന്ത്രി വി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ വകുപ്പിലെ മുഴുവൻ ജീവനക്കാരും അവധി ദിനമായിട്ടും ഇതിനായി എത്തി. മന്ത്രി കണ്ടു തീർപ്പാക്കേണ്ട ഫയലുകളിൽ ആദ്യം തീരുമാനമെടുത്തു. അഞ്ച് ജില്ലകളിലെ കൃഷി നാശത്തിന്റെ നഷ്ടപരിഹാരമായി രണ്ട് കോടിയുടെ അനുമതി സെക്രട്ടറി കൃഷി മന്ത്രിക്ക് കൈമാറി.കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ 12 വരെ സെക്രട്ടറിയേറ്റിലും 12 മുതൽ 1 മണിവരെ കൃഷിവകുപ്പ് ഡയറക്ടറേറ്റിലും ഫയൽ അദാലത്ത് നടന്നു. ആകെയുള്ള 15,000 ഫയലുകളിൽ 12,000 ഫയലുകൾ ഈ മാസത്തിനകം തീർപ്പാക്കും. പെൻഷൻ കേസുകക്കും ജനങ്ങളുടെ പരാതികൾക്കും പ്രാധാന്യം നൽകും.വിവിധ വകുപ്പുകളിൽ ഫയൽ തീർപ്പാക്കാൻ രണ്ടു മാസം മുമ്പ് സർക്കാർ നിർദ്ദേശം നൽകിയിരുന്നു കൃഷിവകുപ്പിൽ ഇതിന്റെ നടപടികൾ വളരെ വേഗം തന്നെ ആരംഭിച്ചു. കൃഷിവകുപ്പ് സെക്രട്ടേറിയറ്റിൽ തീർപ്പാക്കാത്ത 6,​524 ഫയലുകളിൽ 2,​524 ഫയലുകളും ഡയറക്ടറേറ്റിലെ 25,​232 ഫയലുകളിൽ 9,​924 ഫയലുകളും രണ്ടു മാസത്തിനുള്ളിൽ തീർപ്പാക്കിയിട്ടുണ്ട്. ഇന്നലെ രണ്ടു വിഭാഗങ്ങളിലുമായി 1024 ഉം 1650 ഉം ഫയലുകൾ തീർപ്പാക്കി.

കൃഷി വകുപ്പ് ഡയറക്ടർ, കാർഷികോത്പാദന കമ്മിഷണർ തുടങ്ങി ഉന്നതോദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. 2020 മാർച്ച് 31-നകം കൃഷിവകുപ്പ് പൂർണമായി ഇ-ഗവണൻസ് നടപ്പാക്കുകയാണ് ലക്ഷ്യം.