മലയിൻകീഴ്: മകനെ നെഞ്ചോട് ചേർത്തു കെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയും മകനെയും സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കൾ ഇപ്പോൾ നാട്ടിലെ താരങ്ങളായി. സംഭവം ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴും രക്ഷകരായ ആറ് യുവാക്കളായിരുന്നു താരങ്ങൾ. അനിക്കുട്ടൻ, സജി, മംഗൽപ്രിയൻ ,പ്രവീൺ, അഭിലാഷ്, സജിത് എന്നിവരാണ് യുവതിയേയും മകനെയും ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു കയറ്റിയത്. ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ യുവാക്കളെ ആദരിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവർത്തനമാണ് ഇവർ ചെയ്തതെന്ന് എം.എൽ.എ പറഞ്ഞു.
യുവതി ആശുപത്രിവിട്ടു
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മകനും ഇന്നലെ ആശുപത്രിവിട്ടു. രണ്ടാം ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയുടെ ആദ്യ ഭർത്താവിലുള്ളതാണ് അഞ്ചു വയസുള്ള മകൻ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിളപ്പിൽശാല കൊല്ലംകോണം സ്വദേശി മകനെ ആക്ടീവ സ്കൂട്ടറിൽ കയറ്റി മങ്കാട്ട്കടവ് പമ്പ് ഹൗസിന് സമീപത്തെത്തിയത്. നീന്തൽ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് യുവതി കുട്ടിയെ നെഞ്ചോട് ചേർത്ത് ചുരിദാറിന്റെ ഷാളിൽ കെട്ടി ആറ്റിൽ ചാടുകയായിരുന്നു. വെള്ളത്തിൽ കൈയിട്ടടിക്കുന്നത് കണ്ടാണ് കരയിലുണ്ടായിരുന്ന യുവാക്കൾ ജീവൻ പണയപ്പെടുത്തി ഇവരെ രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച ശേഷമാണ് മങ്കാട്ട്കടവു സ്വദേശിയുമായി താമസമാരംഭിച്ചത്. ഇപ്പോൾ കൊല്ലംകോണത്തെ യുവതിയുടെ കുടുംബ വീട്ടിൽ അമ്മയോടൊപ്പമാണ് യുവതിയും കഴിയുന്നത്. യുവതിയെ ഇന്നലെ മലയിൻകീഴ് സി.ഐ അനിൽകുമാർ, എസ്.ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എസ്.ഐ അറിയിച്ചു.