തിരുവനന്തപുരം:കഴിഞ്ഞ വർഷവും ഈ വർഷവും പ്രളയം ഉണ്ടായ സാഹചര്യത്തിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ആറ് ഡാമുകൾ നിർമ്മിക്കാൻ ജലസേചന വകുപ്പ് ഒരുങ്ങുന്നു. പ്രളയം നിയന്ത്രിക്കാൻ കേരളത്തിൽ കൂടുതൽ ഡാമുകൾ നിർമിക്കണമെന്ന് കേന്ദ്ര ജലകമ്മിഷനും നിർദേശിച്ചിരുന്നു.അച്ചൻകോവിൽ, പമ്പ, പെരിയാർ നദികളിലാണ് പുതിയ ഡാമുകൾ നിർമ്മിക്കുക. ആദ്യഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി.അഗളി, ഷോളയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് അണക്കെട്ടിന് 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുണ്ടാകും. ഡാമിന് അഞ്ച് ഷട്ടറുകളാണുണ്ടാവുക. 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പിലൂടെ കർഷകർക്ക് ജലമെത്തിക്കും. ഏഴ് ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യും.കാവേരി നദിയിൽ നിന്ന് കേരളത്തിന് ഭവാനിപ്പുഴയിൽ ലഭ്യമാക്കേണ്ട ജലം പൂർണമായും വിനിയോഗിക്കുന്നതാണ് ഈ പദ്ധതി.അട്ടപ്പാടിയിൽ 458 കോടി ചെലവിട്ട് പുതിയ ഡാം നിർമ്മിക്കാനും വൻകിട ജലസേചന പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനൊപ്പം മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പാക്കാനും മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.