തിരുവനന്തപുരം: സർക്കാരിന്റെ പദ്ധതി നിർവഹണം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന് സർക്കാർ നടപടി ചട്ടങ്ങളിൽ ഭേദഗതിക്ക് പ്രത്യേക സമിതിയുടെ ശുപാർശ.ഫയലുകൾ തീർപ്പാക്കുന്നതിന് വകുപ്പ് സെക്രട്ടറിമാർക്ക് കുറെക്കൂടി സ്വാതന്ത്ര്യവും അധികാരവും നൽകാനും ശുപാർശയുണ്ട്.
മന്ത്രിസഭാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജലവിഭവ സെക്രട്ടറി ഡോ.ബി.അശോക് എന്നിവരുൾപ്പെട്ട സമതിയാണ് ശുപാർശകളുടെ കരട് തയ്യാറാക്കിയത്.
17 വർഷത്തിന് ശേഷമാണ് നടപടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത്.ഇതോടെ, സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യത വരുത്താതെ അതതു വകുപ്പ് സെക്രട്ടറിമാർക്ക് പുതിയ തസ്തിക സൃഷ്ടിക്കാം.
ഭരണഘടന നിർദേശിക്കുന്ന വിധത്തിൽ മുഖ്യമന്ത്റിയുടെയും മന്ത്റിമാരുടെയും അധികാരങ്ങൾ ഉറപ്പാക്കും. വകുപ്പ് സെക്രട്ടറിമാർക്ക് ഏതൊക്കെ കാര്യങ്ങളിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാം ഏതൊക്കെ ഫയലുകളിൽ ധനവകുപ്പിന്റെ അനുമതി ആവശ്യമാണ് തുടങ്ങിയ കാര്യങ്ങളാണ് നടപടിച്ചട്ടങ്ങളിൽ വിശദീകരിച്ചിട്ടുള്ളത്. ഭരണവകുപ്പുകൾക്ക് കൂടുതൽ സ്വാതന്ത്റ്യം അനുവദിക്കുന്നതടക്കം 10 ഭേദഗതികളാണ് ശുപാർശയിലുള്ളത്.
സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യതയില്ലാത്ത തസ്തികൾ അനുവദിക്കുന്നതിനു പോലും ഇപ്പോൾ ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്. അക്കാരണത്താൽ നടപടിക്രമങ്ങൾ മാസങ്ങളോ വർഷങ്ങളോ നീണ്ടുപോകുന്നതാണ് പതിവ്. മന്ത്റിമാരുടെ മുന്നിലെത്തേണ്ടതും സെക്രട്ടറി തലത്തിൽ തീർപ്പാക്കേണ്ടതുമായ ഫയലുകളുടെ വിശദവിവരങ്ങൾ കരടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സെക്രട്ടറിമാരുടെ അധികാരങ്ങൾ സംബന്ധിച്ച നിർവചനവും നിർദ്ദേശിച്ചിട്ടുണ്ട്. ശുപാർശകൾ മുഖ്യമന്ത്റി അംഗീകരിച്ചാൽ അടുത്ത മന്ത്റിസഭായോഗത്തിൽ സമർപ്പിക്കും. മന്ത്റിസഭാ യോഗം നിർദ്ദേശിക്കുന്ന ഭേദഗതികൾ വരുത്തി ഗവർണറുടെ അനുമതിയോടെ നടപ്പാക്കും. 2002-ൽ ആന്റണി മുഖ്യമന്ത്റിയായിരിക്കുമ്പോഴാണ് മുമ്പ് ഇത്തരത്തിൽ ഭേദഗതി വരുത്തിയത്.