blue

തിരുവനന്തപുരം: ഗാന്ധിജിയു‌ടെ 150-ാം ജയന്തിദിനത്തോടനുബന്ധിച്ച് സന്നദ്ധ സാംസ്കാരിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ഗാന്ധിസ്മരണ പുതുക്കിയും പൊതുസ്ഥലങ്ങൾ ശുചീകരിച്ചും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശുചീകരണപരിപാടി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ. മോഹൻറോയ് നേതൃത്വം നൽകി. ഇൻഫോസിസ് കമ്പനി ജീവനക്കാർ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ശുചീകരണത്തിൽ പങ്കെടുത്തു. എസ്.എ.ടി ആശുപത്രിയിൽ നടന്ന ശുചീകരണപ്രവർത്തനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, എസ്.എ.ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എക്സിക്യൂട്ടിവ് അംഗം എസ്.എസ്. രാജലാൽ തുടങ്ങിയവർ പങ്കെടുത്തു. ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലത്തെ കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചനയും സർവമതപ്രാർത്ഥനയും നടന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, മൺവിള രാധാകൃഷ്ണൻ, എൻ. ശക്തൻ, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. വിദ്യാധരൻ, പന്തളം സുധാകരൻ, പുനലൂർ മധു, മണക്കാട് സുരേഷ്, ആർ. വത്സലൻ, പി.എസ്. പ്രശാന്ത്, എൻ.എസ്. നുസൂർ, കെ.എസ്. അനിൽകുമാർ, ഹരികുമാർ, എം.എ. സലാം തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഡോ. കെ. മോഹൻകുമാർ, മോളി അജിത്, കടകംപളളി ഹരിദാസ്, ആർ. ഹരികുമാർ, സി. ശ്രീകല, എസ്.എം. ബാലു തുടങ്ങിയവർ പങ്കെടുത്തു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി അമൃത ഹൈസ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കൊണ്ടു വന്ന 499-ാമത്തെ വൃക്ഷത്തൈ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ നട്ടു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി ഗാന്ധിജിയെക്കുറിച്ച് വി. കാർത്തികേയൻ നായർ എൻ.വി ഹാളിൽ പ്രഭാഷണം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സൂപ്രണ്ട് എസ്. മഞ്ജിത്ത്, എസ്.പി.സി.എസ് സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു .എൻ.ആർ, ഡ്രിൽ ഇൻസ്‌പെക്ടർ (ഡി.ഐ) രാജേഷ്, രാഹുൽ എന്നിവരും സ്റ്റുഡന്റ് കേഡറ്റുകളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പായസവും വിതരണം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ ശുചീകരണം നടത്തി. അമ്പത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത്.