ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യടെസ്റ്റിൽ
ഇന്ത്യയ്ക്ക് മികച്ച തുടക്കം, 202/0
ഒാപ്പണറായിറങ്ങിയ ആദ്യ ടെസ്റ്റിൽ
സെഞ്ച്വറി നേടി രോഹിത് ശർമ്മ (115 നോട്ടൗട്ട്)
വിശാഖപട്ടണം : ടെസ്റ്റ് ടീമിൽ സ്ഥിരം സ്ഥാനമില്ലാതെ വലഞ്ഞ അുല്യ പ്രതിഭ രോഹിത് ശർമ്മ ഒാപ്പണിംഗ് പൊസിഷനിലേക്ക് പരീക്ഷിച്ച ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി ആത്മവിശ്വാസം വീണ്ടെടുത്തു.
ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫ്രീഡം സീരീസിലെ ആദ്യടെസ്റ്റിൽ രോഹിത് ശർമ്മയുടെയും (115 നോട്ടൗട്ട്) സഹ ഒാപ്പണർ മായാങ്ക് അഗർവാളിന്റെയും (84 നോട്ടൗട്ട്) ഗംഭീര പ്രകടനത്തിന്റെ മികവിൽ ഇന്ത്യ കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തു. എന്നാൽ ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പെത്തിയ മഴ 202/0 എന്ന സ്കോറിൽ ഇന്ത്യയുടെ ബാറ്റിംഗിന് തടസം വരുത്തി.
ഇന്നലെ രാവിലെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒാപ്പണിംഗിനിറങ്ങിയ രോഹിതും മായാങ്കുമല്ലാതെയാർക്കും ഇന്ത്യയ്ക്കുവേണ്ടി ബാറ്റുമായി ഇറങ്ങേണ്ടിവന്നില്ല. 59.1 ഒാവറുകൾ എറിഞ്ഞ ശേഷവും ഒരു വിക്കറ്റുപോലും വീഴ്ത്താനാകാതെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ നിസഹായരായി.
മദ്ധ്യനിരയിൽ ഹനുമ വിഹാരിയും അജിങ്ക്യ രഹാനെയും ഉള്ളതിനാലാണ് രോഹിതിനെ ടീം മാനേജ്മെന്റ് ഒാപ്പണിംഗിൽ പരീക്ഷിച്ചത്. സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനായി ഒാപ്പണിംഗ് സ്ളോട്ട് പരീക്ഷിച്ചപ്പോൾ ഡക്കായിരുന്നതിന്റെ സമ്മർദ്ദത്തിലായിരുന്ന രോഹിത് പക്ഷേ ഇന്നലെ തന്റെ പ്രതിഭയ്ക്ക് നിരയ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യഘട്ടത്തിൽ അനാവശ്യ ഷോട്ടുകൾക്കൊന്നും മുതിരാതെ വിക്കറ്റ് നോക്കിക്കളിച്ച രോഹിത് ഫോമിലേക്ക് എത്തി ആത്മവിശ്വാസത്തിലായതോടെ സ്വതസിദ്ധ ശൈലിയിൽ ഷോട്ടുകൾ പായിച്ചുതുടങ്ങി.
174 പന്തുകൾനേരിട്ട രോഹിത് 12 ബൗണ്ടറികളും അഞ്ച് സിക്സുകളും ഇതിനകം പറത്തിയെന്നതുതന്നെ ഷോർട്ട് ഫോർമാറ്റുകളിലെ സ്ഥിരം ഒാപ്പണറുടെ തനത് ശൈലി രോഹിത് മറന്നില്ലെന്നതിന്റെ തെളിവാണ്. രോഹിതിന് മികച്ച പിന്തുണ ബാറ്റുകൊണ്ടും സാന്നിദ്ധ്യം കൊണ്ടും അറിയിച്ച മായാങ്കും ഇന്ത്യയുടെ മേധാവിത്വത്തിൽ പ്രധാന പങ്കുവഹിച്ചു.
183 പന്തുകൾ നേരിട്ട മായാങ്ക് 11 ബൗണ്ടറികളും രണ്ട് സിക്‌സുകളും പറത്തി. ലൂസ് ബാളുകൾ മാത്രം തിരഞ്ഞെടുത്ത് ശിക്ഷിക്കാൻ രോഹിതിന് പ്രേരണയായത് മായാങ്കിന്റെ ഇന്നിംഗ്സായിരുന്നു.
ആദ്യ സെഷനിൽ 91 റൺസാണ് ഇന്ത്യ നേടിയത്. ലഞ്ചിന് തൊട്ടുമുമ്പ് രോഹിത് അർദ്ധ സെഞ്ച്വറിയിലെത്തിയിരുന്നു. ലഞ്ചിനുശേഷം ഇന്ത്യയുടെ സ്കോർ ബോർഡ് ഉയരാൻ തുടങ്ങി. നേരിട്ട 154-ാമത്തെ പന്തിൽ രോഹിത് സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ഇന്ത്യ 200 ലെത്തിയതും വെളിച്ചക്കുറവും മഴയും കാരണം കളിനിറുത്തേണ്ടിവന്നതും.
98.22
ബ്രാഡ് മാനൊപ്പം രോഹിത്
വിശാഖപട്ടണത്തെ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ അപൂർവമായൊരു റെക്കാഡിനും ഉടമയായി. ഹോം ടെസ്റ്റ് മാച്ചുകളിൽ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയായ 98.22 നൊപ്പമാണ് ഇന്നലെ രോഹിത് എത്തിയത്.
50 ഹോം ഇന്നിംഗ്സുകളിൽ നിന്നാണ് ബ്രാഡ്മാന്റെ 98.22 ശരാശരി. തന്റെ15-ാമത്തെ ഇന്നിംഗ്സിൽ 815 റൺസുമായാണ് രോഹിത് ഇൗ ശരാശരിയിലെത്തിയത്.
28
രോഹിതിന്റെ 28-ാമത്തെ ടെസ്റ്റ് മത്സരമാണിത്.
4
സെഞ്ച്വറികളാണ് ഇതുവരെ ടെസ്റ്റിൽ നേടിയത്. 10 അർദ്ധ സെഞ്ച്വറികളും.
2013
ൽ കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയാണ് ടെസ്റ്റിൽ അരങ്ങേറിയത്.
177
ആദ്യ ടെസ്റ്റിലെ 177 റൺസാണ് ടെസ്റ്റ് കരിയറിലെ ഉയർന്ന സ്കോർ.
സ്കോർ ബോർഡ്
ടോസ് : ഇന്ത്യ
ഇന്ത്യ ബാറ്റിംഗ് : മായാങ്ക് അഗർവാൾ നോട്ടൗട്ട് 84, രോഹിത് ശർമ്മ നോട്ടൗട്ട് 115, എക്സ്ട്രാസ് 3, ആകെ 59.1 ഒാവറിൽ 202/0.
ബൗളിംഗ് : ഫിലാൻഡർ 11.1-2-34-0
റബാദ 13-5-35-0, കേശവ് മഹാരാജ് 23-4-66-0, പീറ്റ് 7-1-43-0, മുത്തുസ്വാമി 5-0-23-0.
ന്യൂബാളിനെ കരുതലോടെ നേരിടാൻ ഉറച്ചുതന്നെയാണ് ഇറങ്ങിയത്. പിച്ചിനെയും സാഹചര്യങ്ങളെയും പറ്റി പെട്ടെന്ന് മനസിലാക്കാൻ പരിചയസമ്പത്ത് സഹായിച്ചു. എന്നെ ഒാപ്പണറായി ഇറക്കിയത് എന്തിനെന്ന് വ്യക്തമായ ധാരണയുള്ളതിനാൽ നിശ്ചയദാർഡ്യത്തോടെ ബാറ്റ് ചെയ്തു. ഇൗ അവസരം പാഴാക്കരുതെന്ന് വാശിയുണ്ടായിരുന്നു.
രോഹിത് ശർമ്മ.