തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ 2320 താൽക്കാലിക ഡ്രൈവർമാരെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്നലെ മുതൽ പിരിച്ചുവിട്ടു തുടങ്ങി. നടപടി ഇന്ന് പൂർത്തിയാക്കും. ഇതോടെ 1500 സർവീസുകളെങ്കിലും മുടങ്ങും.
ആയിരത്തോളം സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. യാത്രാക്ളേശം പരിഹരിക്കുന്നതിനു മറ്റ് മുന്നൊരുക്കമൊന്നും നടന്നിട്ടില്ലാത്തതിനാൽ യാത്രാദുരിതം ദിവസങ്ങളോളം നീളാനാണ് സാദ്ധ്യത.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെ,എസ്.ആർ.ടി.സി നേരത്തേ പുറത്താക്കിയ എം.പാനൽ ഡ്രൈവർമാരെ പിന്നീട് ദിവസക്കൂലിക്കാരായി തിരിച്ചെടുത്തിരുന്നു. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രാക്ളേശം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ഈ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ ഹർജിയിലാണ് വീണ്ടും കോടതിയുടെ കർശന ഇടപെടലുണ്ടായത്. ഇങ്ങനെ തിരിച്ചെടുത്ത താൽക്കാലിക ഡ്രൈവർമാരെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി ഇന്ന് സത്യവാങ്മൂലം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
1000 ബസുകൾ കട്ടപ്പുറത്ത്
കെ.എസ്.ആർ.ടി.സിയുടെ ആയിരത്തോളം ബസുകൾ ഇപ്പോൾ കട്ടപ്പുറത്താണ്. ഇതൊന്നും പണി ചെയ്തിറക്കാതെ സർവീസുകൾ വെട്ടിച്ചുരുക്കി യാത്രക്കാർക്ക് പരാമവധി ക്ളേശം സമ്മാനിച്ചാണ് സർവീസ് നടത്തിവന്നത്.
5200 സർവീസുകൾ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ നടത്തുന്നത് 4500-4800 സർവീസുകളാണ്. 2320 താത്കാലിക ഡ്രൈവർമാർ കൂടി ഇല്ലാതാകുന്നതോടെ സർവീസുകൾ വെട്ടിച്ചുരുക്കുന്നത് വൻ വരുമാന നഷ്ടവും കോർപ്പറേഷനുണ്ടാക്കും. 6.20 മുതൽ 6.50 കോടി രൂപവരെയാണ് ഇപ്പോൾ പ്രതിദിന കളക്ഷൻ. ഇതിൽ ഇന്നുമുതൽ ഒന്നരക്കോടി രൂപയുടെ കുറവെങ്കിലും ഉണ്ടാവും.
കേരളത്തിന്റെ തെക്കൻ മേഖലയിലാവും യാത്രക്കാർ കൂടുതൽ വലയുക. ഇവിടെ മാത്രം 1482 ഡ്രൈവർമാരെയാണ് ഒഴിവാക്കുന്നത്. ഡ്രൈവർമാരില്ലാത്തതിനാൽ ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെ നിരവധി സർവീസുകൾ ഇന്നലെയും തടസ്സപ്പെട്ടു. അഞ്ച് മിനിട്ട് ഇടവേളകളിൽ ഫാസ്റ്റ് പാസഞ്ചറുകൾ ഓടിയിരുന്നിടത്ത് അര മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നു. ദേശീയപാതയിലും എം.സി റോഡിലും യാത്രാദുരിതം കാര്യമായി അനുഭവപ്പെട്ടു. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഇന്നു കൂടുതലായിരിക്കും.
അലംഭാവം വിനയായി
ഹൈക്കോടതി കർശനമായി ഇടപെട്ടതോടെ താൽക്കാലിക ഡ്രൈവർമാരെ ഉപയോഗിച്ച് അധികനാൾ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായിട്ടും ഗതാഗത വകുപ്പോ കെ.എസ്.ആർ.ടി.സിയോ ബദൽ നടപടികളെക്കുറിച്ച് ആലോചിക്കാതിരുന്നതും വിനയായി.
വിവരാവകാശം സംബന്ധിച്ച ചോദ്യങ്ങൾക്ക്, എം.പാനലുകാരെ തിരിച്ചെടുത്തെന്ന തരത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ ചില ഓഫീസുകൾ മറുപടി കൊടുത്തത്. താൽക്കാലിക ഡ്രൈവർമാർക്ക് ദിവസക്കൂലിക്ക് പകരം മാസശമ്പളമായി വേതനം നൽകിയതും കോടതിയിൽ
തിരിച്ചടിയായി.
'' സർക്കാരിന് കോടതി വിധി മാനിച്ചേ പറ്റൂ. തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്തേണ്ടതുണ്ട്. പെട്ടെന്നൊരു പോംവഴി പറയാൻ കഴിയില്ല. കൂടിയലോചിച്ച് തീരുമാനമെടുക്കും''-
-എ.കെ.ശശീന്ദ്രൻ,
ഗതാഗത മന്ത്രി
'